രാഹുൽ ഗാന്ധിയെ എംപി സ്ഥാനത്തുനിന്ന് അയോഗ്യനാക്കാൻ കാരണമായ ശിക്ഷാവിധി സുപ്രീം കോടതി സ്റ്റേ ചെയ്തു. ഇതോടെ രാഹുലിന്റെ ലോക്സഭാംഗത്വം പുനഃസ്ഥാപിച്ചു കിട്ടും.
കേസിന്റെ വസ്തുതകളിലേക്കു കടന്നില്ലെങ്കിലും കേസിൽ രാഹുലിനു പരാമാവധി ശിക്ഷ നൽകാൻ വിചാരണക്കോടതി പ്രത്യേക കാരണങ്ങളൊന്നും വ്യക്തമാക്കിയിട്ടില്ലെന്ന് ജസ്റ്റിസ് ബി.ആർ.ഗവായ് അധ്യക്ഷനായ ബെഞ്ച് രൂക്ഷ വിമർശനം നടത്തി. രാഹുൽ കുറ്റക്കാരനാണെന്ന സൂറത്ത് മജിട്രേട്ട് കോടതിയുടെ വിധി വന്നതിനു പിന്നാലെ അദ്ദേഹത്തെ എംപി സ്ഥാനത്തുനിന്ന് അയോഗ്യനാക്കിക്കൊണ്ടുള്ള ലോക്സഭ സ്പീക്കറുടെ ഉത്തരവും പുറത്തുവന്നിരുന്നു. രാഹുലിന്റെ ശിക്ഷാവിധി സുപ്രീം കോടതി സ്റ്റേ ചെയ്ത നിലയ്ക്ക്, അദ്ദേഹത്തെ എംപിയായി തിരികെ എത്തിക്കുന്നതിലും ഈ വേഗമുണ്ടാകുമോ എന്നാണ് കോൺഗ്രസ് പ്രവർത്തകരുടെ ചോദ്യം. ലോക്സഭ സെക്രട്ടേറിയേറ്റിലെ നിയമകാര്യങ്ങൾ നോക്കുന്ന ഉദ്യോഗസ്ഥർ പരിശോധിച്ചാൽ ഉടൻതന്നെ രാഹുലിന്റെ അയോഗ്യത നീക്കുന്ന ഉത്തരവ് പുറത്തവരുമെന്നാണ് കോൺഗ്രസ് പ്രതീക്ഷിക്കുന്നത്.
മോഷ്ടാക്കൾക്കെല്ലാം മോദിയെന്നു പേരുള്ളത് എന്തുകൊണ്ടെന്ന പരാമർശത്തെ തുടർന്നുള്ള അപകീർത്തിക്കേസിലെ സൂറത്ത് മജിസ്ട്രേട്ട് കോടതിയുടെ വിധിയെ തുടർന്ന് രാഹുലിന് ലോക്സഭാംഗത്വം നഷ്ടമായിരുന്നു. കുറ്റക്കാരനെന്ന വിധി സ്റ്റേ ചെയ്യണമെന്ന ആവശ്യം ഗുജറാത്ത് ഹൈക്കോടതി തള്ളിയിരുന്നു. തുടർന്നാണ് സുപ്രീം കോടതിയെ സമീപിച്ചത്.
സ്റ്റേ നൽകണമെങ്കിൽ അസാധാരണ സാഹചര്യം വേണമെന്ന് കോടതി ആദ്യം നിരീക്ഷിച്ചിരുന്നു. എന്തുകൊണ്ട് പരമാവധി ശിക്ഷ നൽകിയെന്ന് വിചരാണക്കോടതി വിശദീകരിക്കേണ്ടതുണ്ടെന്ന് ജസ്റ്റിസ് നരസിംഹ പറഞ്ഞു. പരമാവധി ശിക്ഷ നൽകുന്നതിനു വലിയ പ്രത്യാഘാതങ്ങളുണ്ട്. രാഹുലിന്റെ പൊതുജീവിതത്തെയും അദ്ദേഹം ലോക്സഭാംഗമായ വയനാട് മണ്ഡലത്തെയും ഇതു ബാധിക്കും. 1 വർഷവും 11 മാസവുമായിരുന്നു തടവുശിക്ഷ വിധിച്ചിരുന്നതെങ്കിൽ ലോക്സഭാംഗത്വത്തെ ബാധിക്കില്ലായിരുന്നുവെന്ന് ജസ്റ്റിസ് ഗവായ് പറഞ്ഞു.
ഒരു മണ്ഡലം ജനപ്രതിനിധി ഇല്ലാതെ ഒഴിഞ്ഞുകിടക്കുന്നത് ഗൗരവമുള്ള കാര്യമല്ലേയെന്നു കോടതി ചോദിച്ചു. പരാമവധി ശിക്ഷ കൊടുക്കുന്നതിന് വിചാരണക്കോടതി സ്വീകരിച്ച യുക്തിയെക്കുറിച്ച് കോടതി പരാമർശിച്ചു. ഒരാളുടെ അവകാശം മാത്രമല്ല, ഒരു ലോക്സഭാ മണ്ഡലത്തിന്റെ മുഴുവൻ വിഷയമാണ്. ഇക്കാര്യം വിചാരണക്കോടതി പരിഗണിച്ചായിരുന്നോ? എന്നായിരുന്നു കോടതിയുടെ ചോദ്യം. എംപിയെന്ന നിലയുള്ള പരിഗണന നൽകാൻ കഴിയില്ലെന്നാണ് കോടതി ഉത്തരവിൽ രേഖപ്പെടുത്തിയിരിക്കുന്നതെന്നും കോടതി ചൂണ്ടിക്കാട്ടി.
Summary: Rahul Gandhi Reloaded: Will come back as MP