വാട്സാപ്പിൽ ഷോർട്ട് വീഡിയോ സന്ദേശങ്ങൾ അയക്കാനുള്ള സംവിധാനം എത്തുന്നു. മുൻപ് വോയിസ് മെസ്സേജുകൾ അയക്കുന്നത് പോലെ ഇനി വീഡിയോ സന്ദേശങ്ങളും തത്സമയം റെക്കോർഡ് ചെയ്ത് അയക്കാം. 60 സെക്കൻഡ് ആയിരിക്കും ഇത്തരത്തിലുള്ള വീഡിയോകളുടെ പരിമിതി.
മെറ്റാ സിഇഓ മാർക്ക് സക്കർബർഗ് തന്നെയാണ് പുതിയ വീഡിയോ ഫീച്ചറിന്റെ കാര്യം ഫേസ്ബുക്ക് വഴി അറിയിച്ചത്. എങ്ങനെയിത് ഉപയോഗിക്കാം എന്ന് വ്യകതമാകുന്ന തരത്തിലുള്ള ഒരു വിഡിയോയോട് കൂടിയതാണ് പോസ്റ്റ്. വാട്സാപ്പിലെ വോയിസ് റെക്കോർഡിങ് ഓപ്ഷന് സമാനമായി ടെക്‌സ്‌റ്റ് ബോക്‌സിന് അടുത്തായി ഒരു വീഡിയോ റെക്കോർഡർ ഓപ്ഷനും ഉണ്ടാകും.
ഔദ്യോഗിക ബ്ലോഗ് പോസ്റ്റിൽ ഏറ്റവും പുതിയ അപ്‌ഡേറ്റിനെക്കുറിച്ചുള്ള പൂർണ വിവരങ്ങൾ വാട്ട്‌സ്ആപ്പ് നൽകിയിട്ടുണ്ട്.പുതിയ ഫീച്ചർ വാട്സാപ്പ് ഉപയോക്താക്കളെ ജന്മദിനാശംസകൾ, സന്തോഷവാർത്ത പങ്കിടൽ, അല്ലെങ്കിൽ ഏതെങ്കിലും പ്രധാന വിവരങ്ങൾ കൈമാറൽ തുടങ്ങിയ വിവിധ അവസരങ്ങളിൽ തന്റെ സാനിധ്യം കൂടി വരുന്ന രീതിയിൽ വീഡിയോ ആയി അവതരിപ്പിക്കാൻ ഉള്ള സൗകര്യം ഉണ്ടാക്കുന്നു. ചാറ്റ് ചെയ്യുന്നവർ തമ്മിലുള്ള ആശയ വിനിമയം കൂടുതൽ സുതാര്യമാകാൻ ഇത് സഹായിക്കും.
വീഡിയോ സന്ദേശങ്ങൾ പൂർണ്ണമായും എൻഡ്-ടു-എൻഡ് എൻക്രിപ്റ്റ് ചെയ്തിട്ടുണ്ടെന്നും കമ്പനി അവകാശപ്പെടുന്നു. പുതിയ ഫീച്ചർ ലഭിക്കാൻ വാട്സാപ്പിന്റെ ഏറ്റവും പുതിയ അപ്ഡേറ്റ് പ്ലെയ്സ്റ്റോറിൽ നിന്ന് ഡൗൺലോഡ് ചെയ്യാവുന്നതാണ്. ക്രമേണ ഈ ഫീച്ചർ എല്ലാ ആൻഡ്രോയിഡ്, ഐഓഎസ് ഉപയോക്താക്കൾക്കും ലഭിക്കും എന്നും കമ്പനി പറയുന്നു.