അതിർത്തി സംഘർഷങ്ങൾ നിലനിൽക്കുന്നുണ്ടെങ്കിലും ചൈനീസ് കമ്പനികളുമായി വ്യാപാരം നടത്താൻ ഇന്ത്യ തയ്യാറാണെന്ന് ഇലക്ട്രോണിക്‌സ് – ഇൻഫർമേഷൻ ടെക്‌നോളജി സഹമന്ത്രി രാജീവ് ചന്ദ്രശേഖർ വ്യക്തമാക്കി. ചൈനയുടെ ഉൾപ്പെടെ എല്ലാ നിക്ഷേപങ്ങളും സ്വീകരിക്കും. ഇന്ത്യൻ നിയമങ്ങൾ അനുസരിച്ച് പ്രവർത്തിക്കുന്നിടത്തോളം ഏത് കമ്പനിയുമായും എവിടെവച്ചും ബിസിനസ് നടത്താൻ ഇന്ത്യ തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു.
ബിജെപി സർക്കാർ ചൈനയുമായുള്ള ഇന്ത്യയുടെ ആശ്രയം വെട്ടിക്കുറയ്ക്കാൻ ശ്രമിക്കുന്നതിനിടെയാണ് ചന്ദ്രശേഖറിന്റെ പരാമർശം എന്നത് ശ്രദ്ധേയമാണ്. എന്നിരുന്നാലും പല പഠനങ്ങളും തെളിയിക്കുന്നത് ഇന്ത്യൻ നിർമാതാക്കൾക്ക് ചൈനീസ് ഉത്പന്നങ്ങളോട് ഒരു താല്പര്യം ഉണ്ടെന്നാണ്. കൂടാതെ പല മേഖലകളിലും അവരുടെ പങ്ക് നിർണായകവുമാണ്.
45 വർഷത്തിനിടെ ചൈനയുമായുള്ള ഏറ്റവും മാരകമായ അതിർത്തി ഏറ്റുമുട്ടലായിരുന്നു 2020 ൽ ഉണ്ടായ ഗാൽവാൻ വാലി സംഭവം. ഒരു കേണൽ ഉൾപ്പെടെ ഇരുപതോളം ഇന്ത്യൻ സൈനികർ മരിച്ച സംഭവത്തിന് ശേഷം പല കടുത്ത നടപടികളും ചൈനീസ് ആധിപത്യം കുറയ്ക്കാൻ കേന്ദ്ര ഗവണ്മെന്റ് സ്വീകരിച്ചിരുന്നു. ടിക് ടോക്ക്, വീചാറ്റ്, കാം സ്കാനർ ഉൾപ്പെടെയുള്ള ചൈനീസ് ആപ്പുകൾ ഇന്ത്യയിൽ നിരോധിച്ചത് അതിനുദാഹരണമാണ്. എന്നിരുന്നാലും ചൈനയിൽ നിന്നുള്ള ഇറക്കുമതിയിൽ കാര്യമായ മാറ്റം കൊണ്ടുവരാണോ ഒന്നും ഇതുവരെ സാധിച്ചിട്ടുമില്ല.
Summary: India willing to trade with China; Rajeev Chandrasekhar.