റബ്ബർ താങ്ങുവില 300 രൂപയാക്കുന്ന കാര്യം നിലവില്‍ പരിഗണനയിലില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍. ഇടുക്കിയില്‍നിന്നുള്ള എം.പി. ഡീന്‍ കുര്യാക്കോസിന്റെ ചോദ്യത്തിന് ലോക്‌സഭയില്‍ മറുപടി പറയവേയാണ് കേന്ദ്ര വാണിജ്യ സഹമന്ത്രി അനുപ്രിയ പട്ടേല്‍ ഇക്കാര്യം സൂചിപ്പിച്ചത്.
റബ്ബർ ഇറക്കുമതി നിയന്ത്രിക്കുന്നതിനായി ഡ്യൂട്ടി 20ല്‍ നിന്ന് 30 ശതമാനം ആക്കി ഉയര്‍ത്തിയതായും മന്ത്രി കൂട്ടിച്ചേര്‍ത്തു. ഇറക്കുമതി ചെയ്ത റബ്ബർ ആറു മാസത്തിനുള്ളില്‍ തന്നെ ഉപയോഗിക്കണമെന്നും കോംപൗണ്ട് റബറിന്റെ കസ്റ്റംസ് ഡ്യൂട്ടി 10ല്‍ നിന്നും 25 ശതമാനം ആക്കിയതായും മന്ത്രി പറഞ്ഞു.
നിലവില്‍ ചെന്നൈയിലും മുംബൈയിലും മാത്രമാണ് റബ്ബർ ഇറക്കുമതി ചെയ്യാന്‍ ഉള്ള അനുമതി നല്‍കിയിരിക്കുന്നത്. സംസ്ഥാന സര്‍ക്കാര്‍ റബ്ബർ കര്‍ഷകര്‍ക്കായി അഭ്യര്‍ഥിച്ച സാമ്പത്തിക സഹായത്തെക്കുറിച്ചു പരാമര്‍ശിച്ച മന്ത്രി റബ്ബർ കര്‍ഷകര്‍ക്കായി സബ്സിഡികളും റബ്ബർ ടാപ്പിങ്ങിനും ലാടെക്‌സ് നിര്‍മാണത്തിനുമായി പരിശീലന പരിപാടികളും റബ്ബർ ബോര്‍ഡ് വഴി ലഭ്യമാക്കുമെന്നും മന്ത്രി സഭയില്‍ വ്യക്തമാക്കി.
എന്നാല്‍ കേരളത്തിലെ രാഷ്ട്രീയ രംഗത്ത് മാസങ്ങളായി ചര്‍ച്ച ചെയ്യപ്പെട്ട വിവാദമാണ് ഇതോടെ അവസാനിക്കുന്നത്. താങ്ങുവില കിലോക്ക് 300 രൂപയാക്കിയാല്‍ ബിജെപിയ്ക്ക് വോട്ട് ചെയ്യുന്നതിന് പ്രയാസമില്ലെന്നും കേരളത്തില്‍ നിന്ന് ഒരു എം.പിയെ സമ്മാനിക്കാമെന്നും കണ്ണൂര്‍ ബിഷപ്പ് മാര്‍ ജോസഫ് പാംപ്ലാനി നേരത്തെ പറഞ്ഞിരുന്നു.
പിന്നാലെ ബി.ജെ.പി. നേതാക്കളും റബ്ബര്‍ ബോര്‍ഡ് ചെയര്‍മാനുമടക്കം നിരവധി പേര്‍ ബിഷപ്പിനെ നേരിട്ട് കണ്ടു. എന്നാല്‍ വിഷയം രാഷ്ട്രീയമായി ഏറ്റെടുത്ത എല്‍ഡിഎഫും യുഡിഎഫും ശക്തമായ പ്രതിഷേധം ഉയര്‍ത്തി. തുടര്‍ന്ന് സിപിഎമ്മിന്റെ കര്‍ഷക സംഘടന റബ്ബര്‍ വില കിലോയ്ക്ക് 300 രൂപയാക്കണമെന്ന് ആവശ്യപ്പെട്ട് പ്രക്ഷോഭവും ആവശ്യപ്പെട്ടിരുന്നു.
മണിപ്പൂരില്‍ ക്രൈസ്തവരായ കുക്കികള്‍ക്കെതിരെയുള്ള ആക്രമണങ്ങള്‍ വിവാദമായ ഘട്ടത്തിലടക്കം ബിജെപിക്കെതിരെ ആയുധമായി ഇതര കക്ഷികള്‍ റബ്ബര്‍ വില വിവാദം ഉയര്‍ത്തിയിരുന്നു.