ചിത്രചേച്ചി, ചിത്രാജി, ചിത്രാമ്മ എന്തൊക്കെ പേരിട്ട് വിളിച്ചാലും കെ.എസ്. ചിത്രയുടെ മറുപടി ആ മാസ്റ്റർ പീസ് ചിരിയാണ്. ഹോ എന്തൊരു മാസ്മരികയുള്ള ചിരിയാണിത്. കുഞ്ഞുങ്ങളെപ്പോലെ നിഷ്‌കളങ്കവും വാത്സ്യല്യം നിറഞ്ഞതും മനംമയക്കുന്നതുമായ ചിരി. ചിത്രാജിയുടെ പാട്ടിനെപ്പറ്റി പറയുകയേ വേണ്ട. ഏതുഭാഷയിലും ഏതുഭാവത്തിലും മനസുകളെ കീഴ്‌പ്പെടുത്തുന്ന ശബ്ദമാധുര്യം. നമ്മൾ നെഞ്ചോട് ചേർത്തുപിടിക്കുന്ന ആയിരക്കണക്കിന് പാട്ടുകൾ കൂടിയാണ് നമുക്ക് ചിത്രാജി.
13 ഭാഷകളിലായി കാൽലക്ഷത്തിലധികം ഗാനങ്ങളാണ് ചിത്രാജി ഇതുവരെ നമുക്ക് സമ്മാനിച്ചത്.
ചിത്രാജിയുടെ പാട്ടിനെത്തേടിവരാത്ത പുരസ്‌കാരങ്ങളുമില്ല. ആറു പതിറ്റാണ്ടത്തെ സംഗീത ജീവിതത്തിൽ ആയിരക്കണക്കിന് സംസ്ഥാന ദേശീയ അന്തർദേശീയ അംഗീകാരങ്ങൾ ചിത്രാജിക്ക് ലഭിച്ചിട്ടുണ്ട്. മികച്ച പിന്നണി ഗായികയ്ക്കുള്ള ദേശീയ പുരസ്‌കാരത്തിന് ആറു തവണ ചിത്ര അർഹയായി. ഇന്ത്യൻ പിന്നണി ഗാന മേഖലയിൽ മറ്റൊരു ഗായികയ്ക്കും അവകാശപ്പെടാനാവാത്ത റെക്കോർഡാണിത്. അതെ, ഈ നേട്ടം ഏറ്റവുമധികം സ്വന്തമാക്കുന്ന ഗായിക ചിത്രയാണ്. ലതാ മങ്കേഷ്‌കർക്കു പോലും മൂന്ന് ദേശീയ അവാർഡുകളേയുള്ളൂ. മൂന്നു തവണ തമിഴ്, രണ്ടു തവണ മലയാളം, ഒരു തവണ ഹിന്ദി ഭാഷകളിലെ ഗാനങ്ങൾക്കാണ് ചിത്രയ്ക്ക് ദേശീയ അവാർഡ് കിട്ടിയത്.
1986ലാണ് ആദ്യമായി ദേശീയ പുരസ്‌കാരം ചിത്രാജിയെ ത്തേടിയെത്തുന്നത്. സിന്ധുഭൈരവി എന്ന തമിഴ് ചിത്രത്തിലെ രണ്ടുപാട്ടുകളാണ് അവാര്ഡ് ജേതാവാക്കിയത്. ഇളയരാജ സംഗീതം നൽകിയ പാടറിയേൻ പാടിപ്പറിയേൻ ഇന്നും തലമുറകൾ ഓർത്തിരിക്കുന്ന പാട്ടുകളാണ്.
തൊട്ടടുത്ത വർഷം, അതായത് 1987ൽ നഖക്ഷതങ്ങൾ എന്ന മലയാളം സിനിമയിൽ ബോംബെ രവി ഈണം നൽകിയ മഞ്ഞൾ പ്രസാദവും… എന്ന പാട്ടിന് ചിത്രാജിയെത്തേടി രണ്ടാമത്തെ ദേശീയ അവാർഡ് എത്തി. മലയാളത്തിലെ ആദ്യ ദേശീയ പുരസ്‌കാരമായിരുന്നു ഇതെന്ന പ്രത്യേകതയുമുണ്ട്.
രണ്ടുവർഷത്തെ ഇടവേളയ്ക്ക് ശേഷം 1989ൽ വെശാലിയിലെ ഇന്ദുപുഷ്പം ചൂടി നില്കും രാത്രി എന്ന പാട്ടിനാണ് മൂന്നാമത്തെ ദേശീയപുരസ്‌കാരം ലഭിച്ചത്. ചിത്രം ഇറങ്ങിയപ്പോഴേ പാട്ടിന് ലഭിച്ച അംഗീകാരം ദേശീയ ജൂറിയും ശരിവച്ചു എന്നുവേണം കരുതാൻ. അത്ര മനോഹരമായ ആലാപനമായിരുന്നു. ബോംബെ രവിയുടേതായിരുന്നു ഈണം.
1996 ലും 1997 ലും തുടർച്ചയായ രണ്ടുവർഷവും ചിത്രാജി ദേശീയ പുരസ്‌കാരം കൈപ്പിടിയിലൊതുക്കി. 1996 ൽ മിൻസാര കനവ് എന്ന തമിഴ് ചിത്രത്തിൽ എ.ആർ റഹ്‌മാന്ർ ഈണം നൽകിയ മാന മധുരൈ എന്ന ഗാനത്തിനും 1997ൽ വിരാസത് എന്ന ഹിന്ദി ചിത്രത്തിലെ അനുമാലിക് ഈണം നൽകിയ Payalein Chun Mun എന്ന ഗാനത്തിനുമായിരുന്നു അംഗീകാരം. ഹിന്ദിയിൽ ഗാനം ആലപിച്ച് ദേശീയ ചലച്ചിത്ര അവാർഡ് നേടിയ ഏക തെന്നിന്ത്യൻ ഗായികയും ചിത്രാജിയാണ്.
2004ൽ വീണ്ടും തമിഴ് സിനിമയായ ഓട്ടോഗ്രാഫിലെ ഓവ്വോരു പൂക്കളുമേ, എന്ന ഗാനത്തിന് ചിത്രാജിയെത്തേടി വീണ്ടും ദേശീയ പുരസ്‌കാരമെത്തി.1979ൽ സംഗീത സംവിധായകൻ എം.ജി.രാധാകൃഷ്ണനാണ് ചിത്രാജിയെ മലയാളിക്ക് മുന്നിൽ അവതരിപ്പിക്കുന്നത്. അന്ന് ലളിതഗാനമായിരുന്നു പാടിയിരുന്നത്.1982ൽ റിലീസായ ഞാൻ ഏകനാണ് എന്ന ചിത്രത്തിലൂടെയാണ് സിനിമാ സംഗീത രംഗത്ത് ചിത്ര തുടക്കം കുറിക്കുന്നത്. ഈ ചിത്രത്തിൽ രണ്ട് ഗാനങ്ങൾ ചിത്ര പാടി. യേശുദാസുമൊത്ത് പ്രണയവസന്തം തളിരണിയുമ്പോൾ എന്ന ഗാനവും ചിത്ര മാത്രമായി രജനി പറയൂ എന്ന ഗാനവും.
1985ലാണ് മികച്ച ഗായികയ്ക്കുള്ള ആദ്യത്തെ കേരള സംസ്ഥാന ചലച്ചിത്ര അവാർഡ് ചിത്ര നേടുന്നത്. പിന്നീട് 1995 വരെ തുടർച്ചയായി 11 വർഷം ചിത്രയ്ക്കു മാത്രമായിരുന്നു സംസ്ഥാന അവാർഡ്. 1996ൽ അഴകിയ രാവണൻ എന്ന ചിത്രത്തിലെ പ്രണയമണിത്തൂവൽ കൊഴിയും പവിഴമഴ എന്ന ഗാനത്തിലൂടെ സുജാതയാണ് ആ ജൈത്രയാത്രയ്ക്കു താൽക്കാലിക വിരാമമിട്ടത്. പിന്നീട് 1999, 2001, 2002, 2005, 2016 വർഷങ്ങളിലായി അഞ്ച് സംസ്ഥാന അവാർഡുകൾ കൂടി ചിത്ര നേടി. മൊത്തം 16 തവണ മികച്ച ഗായികയ്ക്കുള്ള കേരള സംസ്ഥാന ചലച്ചിത്ര അവാർഡ് നേടി. ദക്ഷിണേന്ത്യൻ ഭാഷകളിലെല്ലാം സംസ്ഥാന അവാർഡ് നേടിയ ചിത്രയ്ക്ക് മറ്റു ഭാഷകളിലായി 20 ലേറെ സംസ്ഥാന അവാർഡുകൾ ലഭിച്ചിട്ടുണ്ട്.
2005ൽ പദ്മശ്രീയും 2021ൽ പദ്മഭൂഷണും നൽകി രാജ്യം കെ.എസ്. ചിത്രയെന്ന അപൂരവ പ്രതിഭയെ ആദരിച്ചു. ഓരോ തവണയും ഉന്നത പുരസ്‌കാരങ്ങൾ കൈ നീട്ടി വാങ്ങുമ്പോഴും ചിത്രയുടെ തല കുനിയുകയാണ്. വിനയത്താലും നന്ദിയാലും. ലാളിത്യത്തിന്റെ സ്നേഹത്തിന്റെ മുഖമുദ്രയായി ചിത്രാജി നമ്മടെ ഹൃദയത്തിൽ വാഴുകയാണ്.