മണ്ണോട് ചേർന്നിട്ടും, ഓർമ്മകളിലൂടെ നമ്മളിൽ ജീവിക്കുന്ന ധീരന്മാരുടെ ദിനം. അഭിമാന പോരാട്ടത്തിൽ വിജയ്ക്കൊടി പാറിച്ച അവിസ്മരണീയ ദിവസം. മഞ്ഞു മലകൾക്കിടയിൽ ചോര മരവിക്കുന്ന പോരാട്ടങ്ങൾക്കൊടുവിൽ ടൈഗർ ഹില്ലിൽ ഇന്ത്യ വിജയക്കൊടി പാറിച്ചതിന്റ ഓർമ്മദിനം. കാര്‍ഗിലിലേക്ക് നുഴഞ്ഞ് കയറിയവരെ തുരത്തി ഇന്ത്യ നേടിയ ഐതിഹാസിക വിജയത്തിന് ഇന്ന് 24 വയസ്
കാർഗിൽ യുദ്ധത്തിൽ ജീവൻ നഷ്ടപ്പെട്ട രാജ്യത്തിന്റെ വീരയോദ്ധാക്കളെ അനുസ്മരിക്കുന്നതിനായി ജുലൈ 26 നാണ് നാം കാർഗിൽ വിജയ് ദിവസം ആചരിക്കുന്നത്.
അയ്യായിരത്തോളം പാക് സൈനികരും തീവ്രവാദികളുമായിരുന്നു അന്ന് ഇന്ത്യയിലേക്ക് നുഴഞ്ഞുകയറിയത്. അതിശൈത്യം നിറഞ്ഞ കാലാവസ്ഥയിൽ അതിർത്തിയിൽ നിന്നും ഇന്ത്യൻ സൈന്യത്തെ പിൻവലിച്ച തക്കം നോക്കിയായിരുന്നു പാക്കിസ്ഥാൻ പട്ടാളക്കാർ അതിർത്തി കടന്നത്.
1999 മെയ് എട്ട് മുതൽ ജുലൈ 26 വരെ ജമ്മുകാശ്മീരിലെ കാർഗിലിൽ ആയിരുന്നു യുദ്ധം നടന്നത്. കാർഗിലിലെ തന്ത്രപ്രധാന മേഖലകളിലേക്ക് 5000ത്തോളം വരുന്ന പാക് സൈന്യവും തീവ്രവവാദികളും നുഴഞ്ഞുകയറുകയായിരുന്നു. തുടർന്ന് ഓപ്പറേഷൻ വിജയ് എന്ന ദൗത്യത്തിലൂടെ ഇന്ത്യ പാക്കിസ്ഥാന് മേൽ വിജയം നേടി.
72 ദിവസത്തോളമായിരുന്നു യുദ്ധം നീണ്ട് നിന്നത്. കര, നാവിക, വ്യോമസേനകൾ യുദ്ധത്തിൽ പങ്കാളികളായി. 527 ഇന്ത്യൻ സൈനികർക്കാണ് യുദ്ധത്തിൽ ജീവൻ നഷ്ടപ്പെട്ടത്. പാക്കിസ്ഥാന്റെ 453 സൈനികരും യുദ്ധത്തിൽ കൊല്ലപ്പെട്ടു. ഇന്ത്യയും പാക്കിസ്ഥാനും തമ്മിൽ നടന്ന അവസാന യുദ്ധമായിരുന്നു കാർഗിലിൽ നടന്നത്. 1999 ജുലൈ 26 ന് ഇന്ത്യ യുദ്ധത്തിൽ വിജയിച്ചതായി അന്നത്തെ പ്രധാനമന്ത്രി അടൽ ബിഹാരി വാജ്പേയ് പ്രഖ്യാപിച്ചു.
കാർഗിൽ യുദ്ധത്തിലെ ആദ്യത്തെ പ്രധാന പോരാട്ടമായിരുന്നു ടോളോലിംഗിൽ നടന്നത്. ടോളോലിംഗിലും സമീപ പ്രദേശങ്ങളിലുമായി നുഴഞ്ഞുകയറിയ പാക്സൈന്യത്തെ തുരത്താൻ ഇന്ത്യൻ സേനയുടെ രാജ്പുത്താന റൈഫിൾസിന്റെ രണ്ടാം ബറ്റാലിയൻ സൈന്യമായിരുന്നു യുദ്ധമുഖത്ത് ഉണ്ടായിരുന്നത്. കുത്തനെയുള്ള പാറക്കെട്ടുകളും ഇടുങ്ങിയ വഴികളും അസഹനീയമായ കാലാവസ്ഥയും പോരാട്ടം കൂടുതൽ വെല്ലുവിളി നിറഞ്ഞതാക്കി. നീണ്ട ദിവസത്തെ പ്രത്യാക്രമണത്തിനൊടുവിൽ 1999 ജൂൺ 13 ന് ടോളോലിംഗ് തിരിച്ച് പിടിച്ചതായി സൈന്യം അറിയിച്ചു.
കാർഗിൽ യുദ്ധത്തിലെ മറ്റൊരു സുപ്രധാന പോരാട്ടം പോയിന്റ് 5353 എന്നും ടൈഗർ ഹിൽ യുദ്ധം അറിയപ്പെടുന്നു. പാക് സൈന്യവും തീവ്രവാദികളും 5307 മീറ്റർ ഉയരത്തിലുള്ള ടൈഗർ ഹില്ലിൽ തമ്പടിക്കുകയായിരുന്നു. തുടർന്ന് ഓപ്പറേഷൻ വിജയ് എന്ന് പേരിട്ട സൈനിക നടപടിയിലൂടെ ആഴ്ചകളോളം നീണ്ട് നിന്ന പോരാട്ടത്തിനൊടുവിൽ പാക്ക് സൈനികരെ പുറത്താക്കി ടൈഗർ ഹിൽ ഉൾപ്പെടെയുള്ള പോസ്റ്റുകൾ ഇന്ത്യ പിടിച്ചെടുത്തു. കാർഗിൽ യുദ്ധത്തിലെ പ്രധാന വഴിത്തിരിവായിരുന്നു ടൈഗർ ഹിൽ തിരിച്ചുപിടിച്ചത്.
Discussion about this post