ശരീരത്തിന്റെ ക്ഷേമത്തിന് അത്യാവശ്യമായ ഒരു ഘടകമാണ് വ്യായാമം. ആരോഗ്യകരമായ ജീവിതശൈലിയുടെ അടിസ്ഥമെന്ന് തന്നെ വ്യായാമത്തിനെ വിശേഷിപ്പിക്കാം. സമീപ വർഷങ്ങളിൽ ഫിറ്റ്‌നസ് ലോകത്ത് ഉയർന്നു വന്ന ഭയാനകമായ ആശങ്കയാണ് വ്യായാമ വേളയിൽ ഉണ്ടാകുന്ന ഹൃദയാഘാതം.
ജിമ്മിൽ പോകുന്നത് ഫിറ്റ്നസ് നിലനിർത്താനുള്ള മികച്ച മാർഗമാണെങ്കിലും, അമിതമായി വ്യായാമം ചെയ്യുന്നത് മാരകമായ അപകടസാധ്യതകളെ സൃഷ്ടിക്കുമെന്ന് നിങ്ങൾക്കറിയാം. അതിൽ ഉൾപ്പെടുന്ന ഒന്നാണ് പെട്ടെന്നുള്ള ഹൃദയാഘാതം!
ഇന്ത്യയിൽ, വ്യായാമ വേളയിൽ ഹൃദയാഘാതം ഉണ്ടാകുന്നത് ആശങ്കാജനകമാണ്. 45 വയസ്സിന് മുകളിലുള്ള വ്യക്തികളും കുടുംബത്തിൽ ഹൃദ്രോഗ ചരിത്രമുള്ളവർക്കും വ്യായാമ വേളയിൽ ഹൃദയാഘാതം ഉണ്ടാകാനുള്ള സാധ്യത കൂടുതലാണെന്ന് ഗവേഷണങ്ങൾ സൂചിപ്പിക്കുന്നു. കൂടാതെ, അമിതഭാരമുള്ളവർ, ഉയർന്ന രക്തസമ്മർദ്ദം ഉള്ളവർ, അല്ലെങ്കിൽ പ്രമേഹം ബാധിച്ചവർക്കെല്ലാം ഹൃദയാഘാതം അനുഭവപ്പെടാം. ഈ അവസ്ഥകളൊന്നും ഇല്ലെങ്കിലും ഹൃദ്രോഗം വരാനുള്ള സാധ്യത ഏറെയാണ്.
ശ്രദ്ധിക്കണം ഈ ഘടകങ്ങൾ
നിരവധി ഘടകങ്ങൾ കാരണമാണ് വ്യായാമ വേളയിൽ ഹൃദയാഘാതം ഉണ്ടാകുന്നത്. കഠിനമായ പ്രവർത്തിയാൽ ഹൃദയമിടിപ്പ് കൂടുന്നതിലൂടെ രക്തസമ്മർദ്ദം വർദ്ധിക്കും. നിങ്ങൾ തീവ്രമായ വ്യായാമം ശീലമാക്കിയിട്ടില്ലെങ്കിൽ നിങ്ങൾക്ക് ഹൃദയാഘാതം സംഭവിക്കാൻ സാധ്യതകളേറെയാണ്.
കൂടാതെ, ഏറെ നേരത്തെ ശാരീരിക അദ്ധ്വാനത്തിനിടയിലെ നിർജ്ജലീകരണം, ഇലക്ട്രോലൈറ്റ് അസന്തുലിതാവസ്ഥ എന്നിവയുടെ സംയോജനം മൂലവും അപകടസാധ്യത വർദ്ധിക്കും. വിയർപ്പിലൂടെ ശരീരത്തിന് ആവശ്യമായ പൊട്ടാസ്യം, സോഡിയം തുടങ്ങിയ ധാതുക്കൾ നഷ്ടപ്പെടുമ്പോൾ, അത് ഹൃദയത്തിന്റെ വൈദ്യുത സിഗ്നലുകളെ തടസ്സപ്പെടുത്തുകയും ക്രമരഹിതമായ ഹൃദയമിടിപ്പുകൾക്കും കാരണമാകും, ഈ അവസ്ഥ ഹൃദയാഘാതത്തിന് ഇടയാക്കും.
ശ്രദ്ധിക്കേണ്ട ലക്ഷണങ്ങൾ
സമയോചിതമായ ഇടപെടലിനായി വ്യായാമം ചെയ്യുമ്പോൾ ഹൃദയാഘാതത്തിന്റെ മുന്നറിയിപ്പ് അടയാളങ്ങൾ തിരിച്ചറിയേണ്ടത് പ്രധാനമാണ്. നെഞ്ചുവേദന അല്ലെങ്കിൽ അസ്വസ്ഥത, ശ്വാസതടസ്സം, തലകറക്കം, ഓക്കാനം, ഛർദ്ദി, അമിതമായ ക്ഷീണം എന്നിവ സാധാരണ ലക്ഷണങ്ങളാണ്. നിങ്ങളുടെ ഹൃദയമിടിപ്പ് വർദ്ധിക്കുകയും നിങ്ങൾക്ക് അസ്വസ്ഥത ഉണ്ടാക്കുകയും ചെയ്യുന്നതായി തോന്നുന്നുവെങ്കിലോ, അല്ലെങ്കിൽ ഈ ലക്ഷണങ്ങളിൽ ഏതെങ്കിലും അനുഭവപ്പെടുകയാണെങ്കിലോ, അവ മാറുന്നത് വരെ കാത്തിരിക്കരുത്. വ്യായാമം നിർത്തി, മറ്റുള്ളവരെ അറിയിക്കുക, ഉടൻ വൈദ്യസഹായം തേടുക.
വ്യായാമ വേളയിലെ ഹൃദയാഘാദത്തെ എങ്ങനെ തടയാം?
കഠിനമായ ഏതെങ്കിലും വ്യായാമ മുറകൾ ആരംഭിക്കുന്നതിന് മുമ്പ്, പ്രത്യേകിച്ച് നിലവിലുള്ള ഹൃദയസംബന്ധമായ അവസ്ഥകളോ അപകടസാധ്യത ഘടകങ്ങളോ ഉള്ളവർ, വൈദ്യോപദേശം തേടേണ്ടത് അത്യാവശ്യമാണ്. ഉചിതമായ വാം-അപ്പ് വ്യായാമങ്ങളിലും ക്രമാനുഗതമായ കൂൾ-ഡൗണുകളിലും ഏർപ്പെടുന്നത് ശാരീരിക അദ്ധ്വാനത്തിന് ഹൃദയത്തെ തയ്യാറാക്കാനും ഹൃദയമിടിപ്പ് പെട്ടെന്ന് ഉയരുന്നത് തടയാനും സഹായിക്കും.
ഇലക്‌ട്രോലൈറ്റ് അസന്തുലിതാവസ്ഥ തടയാനും ഹൃദയാരോഗ്യം പ്രോത്സാഹിപ്പിക്കാനും നിങ്ങളുടെ വ്യായാമ സെഷനുകൾക്ക് മുമ്പും ശേഷവും ശരിയായ ജലാംശം നിലനിർത്തുക.
നിങ്ങളുടെ ശരീരം ശ്രദ്ധിക്കുകയും അമിതമായ അധ്വാനം ഒഴിവാക്കുകയും ചെയ്യുക. നിങ്ങളുടെ ഫിറ്റ്‌നസ് ലെവലുകൾ മെച്ചപ്പെടുന്നതിനനുസരിച്ച് വ്യായാമത്തിന്റെ തീവ്രതയും സമയദൈർഘ്യവും ക്രമേണ വർദ്ധിപ്പിക്കുക. മൊത്തത്തിലുള്ള ഫിറ്റ്‌നസ് മെച്ചപ്പെടുത്തുന്നതിനും ഹൃദയത്തിന്റെ ആയാസം കുറയ്ക്കുന്നതിനുമായി ഹൃദയ സംബന്ധമായ വ്യായാമങ്ങൾ ഉൾപ്പെടുത്തിക്കൊണ്ട് മികച്ച ഫിറ്റ്‌നസ് ദിനചര്യ തിരഞ്ഞെടുക്കുക.
Summary: Heart attack during exercise: Causes, symptoms, and workout tips for diabetes, blood pressure patients
Discussion about this post