2023-24 ലെ ഹോം സീസണിന്റെ വേദികൾ ബിസിസിഐ ചൊവ്വാഴ്ച സ്ഥിരീകരിച്ചു. സീനിയർ പുരുഷ ടീം 16 അന്താരാഷ്‌ട്ര മത്സരങ്ങൾ കളിക്കാനാണ് ഷെഡ്യൂൾ ചെയ്‌തിരിക്കുന്നത്. 5 ടെസ്റ്റുകളും 3 ഏകദിനങ്ങളും 8 T20Iകളുമാണ് ഹോം സീസണിൽ ഉൾപ്പെട്ടിരിക്കുന്നത്. ക്രിക്കറ്റ് പ്രേമികൾക്ക് ആവേശകരമായ കാലഘട്ടമാണ് വരാനിരിക്കുന്ന സീസൺ വാഗ്ദാനം ചെയ്യുന്നത്. അമിതാഭ് വിജയവർഗിയ, ജയേന്ദ്ര സഹ്ഗൽ, ഹരി നാരായൺ പൂജാരി എന്നിവരടങ്ങുന്ന ബിസിസിഐ കമ്മിറ്റിയുടേതാണ് ഈ തീരുമാനം. ബിസിസിഐയുടെ റൊട്ടേഷൻ പോളിസി പ്രകാരമാണ് വേദികൾ സ്ഥിരീകരിച്ചത്.
മാർക്വീ ഐസിസി പുരുഷ ക്രിക്കറ്റ് ലോകകപ്പിന് മുന്നോടിയായി മൂന്ന് മത്സരങ്ങളുടെ ഏകദിന പരമ്പരയ്ക്ക് ഇന്ത്യ ഓസ്‌ട്രേലിയയെ ആതിഥേയത്വം വഹിക്കുന്നതോടെ ഹോം സീസൺ ആരംഭിക്കും. മൊഹാലി, ഇൻഡോർ, രാജ്‌കോട്ട് എന്നിവിടങ്ങളിലായാണ് ഏകദിന പരമ്പര നടക്കുന്നത്. 50 ഓവർ ലോകകപ്പിന് ശേഷം ഇന്ത്യ ഓസ്‌ട്രേലിയക്കെതിരെ അഞ്ച് മത്സരങ്ങളുടെ ടി20 ഐ പരമ്പര കളിക്കും. മത്സരങ്ങൾ നവംബർ 23 ന് വിശാഖപട്ടണത്തിൽ ആരംഭിച്ച് ഡിസംബർ 3 ന് ഹൈദരാബാദിൽ സമാപിക്കും.
പുതുവർഷത്തിന്റെ തുടക്കത്തിൽ അഫ്ഗാനിസ്ഥാൻ ആദ്യാമായി വൈറ്റ് ബോൾ ഉഭയകക്ഷി പര്യടനത്തിന് ഇന്ത്യയിലെത്തും. മൂന്ന് മത്സരങ്ങളുടെ ടി20 ഐ പരമ്പര മൊഹാലിയിലും ഇൻഡോറിലും നടക്കും. അഫ്ഗാനിസ്ഥാൻ തങ്ങളുടെ ആദ്യ ടെസ്റ്റ് മത്സരം കളിച്ച വേദിയായ ബെംഗളൂരുവിലാണ് ഫൈനൽ.
2024 ജനുവരി 25-ന് ആരംഭിക്കുന്ന അഞ്ച് മത്സരങ്ങളുള്ള ടെസ്റ്റ് പരമ്പരയ്ക്കായി ഇന്ത്യ ഇംഗ്ലണ്ട് ആതിഥേയത്വം വഹിക്കും. ഹൈദരാബാദ്, വിശാഖപട്ടണം, രാജ്കോട്ട്, റാഞ്ചി, ധർമ്മശാല എന്നിവിടങ്ങളിലാണ് ആവേശകരമായ ടെസ്റ്റ് പരമ്പര നടക്കുന്നത്.