പണം ആവശ്യമല്ലാത്തവരായി ആരും ഇല്ല. പണത്തിന് ആവശ്യം വരുമ്പോൾ എളുപ്പവഴി ആലോചിക്കുന്നവരാണ് പലരും. ആ ചിന്ത നിങ്ങളെ എത്തിക്കുന്നത് ചിട്ടി പോലുള്ള ഹ്രസ്വകാല ഇടപാടുകളിലേക്കാണ്. വായ്പയേക്കാൾ ലാഭകരമായി ഉപയോഗിക്കാം എന്നതാണ് ഇതിന്റെ കാരണം. കൃത്യമായ പ്ലാനിംങ്ങ് ഉണ്ടെങ്കിൽ സംഗതി ഈസിയാണ്.
അതിനായി ഹ്രസ്വകാല ചിട്ടികൾ ആണ് ഉത്തമം. കുറഞ്ഞ ചിട്ടി വരിക്കാരും ഇതിൽ കുറഞ്ഞ പേർ ലേലം വിളിക്കാനും ഉണ്ടാകുന്നതിനാൽ വേഗത്തിൽ ചിട്ടി തുക വിളിച്ചെടുക്കാൻ ഹ്രസ്വകാല ചിട്ടിയിൽ സാധിക്കും. 12 മാസം മുതൽ 25 മാസ കാലയളവിൽ 7 ലക്ഷം രൂപ മുതൽ 8 ലക്ഷം രൂപ വരെ നേടാൻ ആഗ്രഹിക്കുന്നൊരാൾ ചേരണ്ട ചിട്ടി പരിചയപ്പെടാം.
7 ലക്ഷത്തിനും 8 ലക്ഷത്തിനും ഇടയിൽ തുക ആവശ്യമുള്ളവർക്ക് 10 ലക്ഷത്തിന്റെ ചിട്ടിയിലാണ് ചേരേണ്ടത്. 20,000 രൂപ മാസ അടവുള്ള 50 മാസ കാലാവധിയുമുള്ള 10 ലക്ഷത്തിന്റെ റെഗുലർ ചിട്ടിയാണിത് . ആദ്യ മാസം 20,000 രൂപയും 30 ശതമാനം കിഴിവിൽ ലേലം പോകുമ്പോൾ 15,000 രൂപയുമാണ് അടവ് വരുന്നത്. 4 വർഷവും 1 മാസവും കൊണ്ട് 10 ലക്ഷത്തിന്റെ ചിട്ടി പൂർത്തിയാക്കാം.
ഈ സാഹചര്യത്തിൽ 7 ലക്ഷം രൂപ ചിട്ടി വരിക്കാരന് ലഭിക്കും. ആദ്യ മാസം മുതൽ ചിട്ടി പരമാവധി ലേല കിഴിവിൽ വിളിച്ചെടുക്കാം. 15 മാസം മുതൽ 25 മാസം വരെ ചിട്ടി പരമാവധി ലേല കിഴിവിൽ പോകാൻ സാധ്യതയുണ്ട്. ശേഷം കുറഞ്ഞ ലേല കിഴിവിൽ വിളിച്ചെടുക്കാം. ഇക്കാലയളവിൽ ഏകദേശം 8 ലക്ഷം രൂപയ്ക്ക് ലേലം വിളിച്ചെടുക്കാനും സാധ്യതയുള്ള ചിട്ടിയാണിത്.
അത്യാവശ്യത്തിന് പണം പിൻവലിക്കേണ്ടവരാകുമ്പോൾ ജാമ്യം കരുതിയ ശേഷം മാത്രം ചിട്ടി ചേരുന്നതാകും ബുദ്ധി. ചിട്ടി സ്വന്തമാക്കിയവർ ഭാവി ബാധ്യതയ്ക്ക് അനുയോജ്യമായ ജാമ്യം നൽകിയാൽ മാത്രമെ ചിട്ടിയിൽ നിന്ന് പണം അനുവദിക്കുകയുള്ളൂ. ബാക്കിയുള്ള മാസത്തവണയും പ്രതിമാസ അടവും ഗുണിച്ച് കിട്ടുന്ന തുകയാണ് ഭാവി ബാധ്യത.
സാലറി സർട്ടിഫിക്കറ്റ്, ഭൂസ്വത്ത്, ഡെപ്പോസിറ്റ് രസീതുകൾ, സ്വർണ്ണം, വിളിക്കാത്ത ചിട്ടി പാസ് ബുക്ക്, എൽഐസി പോളിസി, ബാങ്ക് ഗ്യാരണ്ടി മുതലായവ ഹാജരാക്കിയ ശേഷം കെഎസ്എഫ്ഇയിൽ നിന്നും ചിട്ടി പിടിച്ച തുക പിൻവലിക്കാം.
Summary: Details on KSFE Chit Funds