ചീകിയൊതുക്കാതെ അലസമായി പാറുന്ന മുടിയിഴകൾ, അയഞ്ഞ ഖദർ ഷർട്ട് , ചുറ്റും ജീവ ശ്വാസം എന്ന പോലെ ഒരു കൂട്ടം ആളുകൾ, ഒറ്റനോട്ടത്തിൽ മലയാളിക്ക് ഇതാണ് ഉമ്മൻചാണ്ടി
കഴിഞ്ഞ 5 പതിറ്റാണ്ടിലധികമായി കേരള രാഷ്ട്രീയത്തിനൊപ്പം സഞ്ചരിക്കുന്നുണ്ട് പുതുപ്പള്ളിക്കാരുടെ അല്ല, നമ്മുടെ എല്ലാവരുടെയും സ്വന്തം കുഞ്ഞൂഞ്ഞ്.
ഒരേ മണ്ഡലത്തിൽ അര നൂറ്റാണ്ടുകാലം MLA ആയിരിക്കുക! അതും 13 തവണ തുടർച്ചയായി ജയിച്ചുകൊണ്ട്. അതിനിടെ തൊഴിൽ മന്ത്രിയായും ആഭ്യന്തര മന്ത്രിയായും ധനമന്ത്രിയായും മുഖ്യമന്ത്രിയായും പ്രതിപക്ഷ നേതാവുമായുള്ള വേഷപ്പകർച്ചകൾ.
ഇത്രയും ജനകീയനായ ഒരു നേതാവ് ഇന്ത്യൻ രാഷ്ട്രീയത്തിൽ തന്നെ ഇല്ല എന്ന് പറയാം. അതുകൊണ്ട് തന്നെയാണ് ഉമ്മൻ ചാണ്ടിയുടെ മടക്കം സമാനതകളില്ലാത്ത നഷ്ടമാകുന്നത്.
അതേ നമ്മൾ ഇപ്പോഴനുഭവിച്ച് കൊണ്ടിരിക്കുന്ന ഈ അനാഥത്വത്തിന്റെ പേരാണ് ഉമ്മൻ ചാണ്ടി
മരണം ഒരു യാഥാർഥ്യം ആണ് എങ്കിലും ചില മരണങ്ങൾ വലിയ നഷ്ടമാണ് നമുക്ക് സമ്മാനിക്കുന്നത് ഉമ്മൻ ചാണ്ടിയുടെ മരണം അതുപോലെ ഒന്നാണ്.
ആഭാസരാഷ്ട്രീയക്കാരുടെ കിംവദന്തികളിൽ പതറാതെ,
തനിക്ക് നേരെ കല്ലെറിഞ്ഞവരെ ഒരു ചെറുപുഞ്ചിരിയാൽ തോൽപ്പിച്ച് ഖദറിന്റെ മാഹാത്മ്യം കാണിച്ചുതന്ന ജനനേതാവ്
ഗർവ്വും ധൂർത്തും വീരസ്യങ്ങളും അധികാരത്തിന്റെ അഭിജ്ഞാനമാക്കിമാറ്റിയ മറ്റു ചിലരെക്കാണുമ്പോഴാണ് ലാളിത്യത്തിന്റെയും ഊർജ്‌ജസ്വലതയുടെയും പ്രതിരൂപമായ ഉമ്മൻ ചാണ്ടി എന്ന ജനനേതാവിനെ രാഷ്ട്രീയ വിയോജിപ്പുകൾ ഉള്ളവർ പോലും ബഹുമാനിച്ചു പോകുന്നത്
വികസന പദ്ധതികളിലൂടെ കേരളത്തിന്റെ മുഖച്ഛായ മാറ്റിയ നേതാവ്,
കേരളം കണ്ട ഏറ്റവും മികച്ച ഭരണാധികാരി, ജനസമ്പർക്കത്തിലൂടെ അതിവേഗം ബഹുദൂരം സഞ്ചരിച്ച് ജനക്ഷേമത്തിനായി പ്രതിബദ്ധതയോടെ നിലകൊണ്ട സൗമ്യനായ രാഷ്ട്രീയക്കാരൻ അദ്ദേഹത്തിൽ നിന്ന് പഠിക്കാൻ ഏറെയുണ്ട്.
ഉമ്മൻ ചാണ്ടി ആരെയും ആട്ടിപ്പുറത്താക്കിയിട്ടില്ല. പകരം അരികെ വിളിച്ചിരുത്തിയിട്ടേയുള്ളൂ.
ഏത് സാധാരണക്കാരനും ഏത് സമയത്തും മുട്ടിയാൽ തുറക്കുന്ന വാതിൽ -അതായിരുന്നു ഉമ്മൻ ചാണ്ടി എന്ന മുഖ്യമന്ത്രി.
കൈയിൽ വന്ന ഫയലുകളുടെ വേഗം കുറച്ചില്ല. പകരം അതിവേഗം ഒപ്പിട്ടുനൽകി തീർപ്പാക്കി. കണ്ണീരൊപ്പാൻ അദ്ദേഹം നേരിട്ട് ജനങ്ങളുടെ ഇടയിലേക്കാണ് ചെന്നത്.
ആർക്കും ഏതുനേരവും സമീപിക്കാവുന്ന ദൂരത്തായിരുന്നു ഉമ്മൻ ചാണ്ടി.
ജനകീയതയുടെ പര്യായമായ ഉമ്മൻചാണ്ടിയെ രണ്ടു തവണ കേരളത്തിന്റെ മുഖ്യമന്ത്രി പദത്തിൽ എത്തിച്ചതും ഈ സൗമ്യ മുഖമാണ്.
മനുഷ്യനാണ് … നന്മകളും, പോരായ്മകളും ഉണ്ടാവാം… പക്ഷേ ഒരു പൊതുപ്രവർത്തകന് വേണ്ട ഏറ്റവും വലിയ നന്മ പൊതുജനങ്ങൾക്ക് എല്ലായ്പോഴും സമീപിക്കാൻ കഴിയുന്ന ഒരു വ്യക്തിയാവുക എന്നതാണ്….. അതേ… പൊതുജനങ്ങളെ ഭയക്കാതെ അരികിലേക്ക് ക്ഷണിച്ച അത്യപൂർവം പൊതുപ്രവർത്തകരിൽ ഒരാളായിരുന്നു ഉമ്മൻചാണ്ടി…
ഒരു കാര്യമുറപ്പാണ്, ഇനിയൊരിക്കലും ഒരു ഉമ്മൻ ചാണ്ടി ഉണ്ടാവില്ല. ഇനിയാർക്കും ഒരു ഉമ്മൻ ചാണ്ടി ആവനുമാകില്ല.
മിക്ക കോൺഗ്രസ് നേതാക്കളെയും പോലെ ഒരണ സമരത്തിലൂടെയാണ് ഉമ്മൻചാണ്ടിയുടെ രാഷ്ട്രീയ പ്രവേശം. അന്ന് ഉമ്മൻചാണ്ടി സെന്റ് ജോർജ് സ്കൂൾ കെ എസ് യു യൂണിറ്റ് പ്രസിഡന്റായിരുന്നു. പിന്നീട് കോട്ടയം ജില്ലാ സെക്രട്ടറിയും സംസ്ഥാന ജനറൽ സെക്രട്ടറിയുമായി.
ആന്റണിയും വയലാർ രവിയുമൊക്കെ ആയിരുന്നു അന്ന് നേതൃനിരയിൽ. പിന്നീട് ആന്റണിയുടെ വിശ്വസ്തനായി നിന്ന ഉമ്മൻചാണ്ടി രാഷ്ട്രീയവഴിയിൽ എകെയുടെ പിന്മുറക്കാരനുമായി. 1967ൽ എകെ ആന്റണി കെ എസ് യു അധ്യക്ഷ സ്ഥാനത്തു നിന്ന് പടിയിറങ്ങിയപ്പോൾ ആ പദവിയിൽ എത്തിയത് ഉമ്മൻചാണ്ടി ആയിരുന്നു. പിന്നീട് 2004 ൽ മുഖ്യമന്ത്രി കസേരയിൽ നിന്ന് ആന്റണി രാജിവച്ചപ്പോൾ പകരമെത്തിയതും ഉമ്മൻചാണ്ടി.
1970ൽ യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷനായ ചുമതയേറ്റത്തിന് പിന്നാലെ ആയിരുന്നു പുതുപ്പള്ളിയിൽ നിന്നുള്ള കന്നിയങ്കം. പിന്നീട് മരണം വരെ നീണ്ട അമ്പത്തിമൂന്ന് വർഷക്കാലം പുതുപ്പള്ളിയുടെ പ്രതിനിധിയായി ഉമ്മന്ചാണ്ടി. കേരള നിയമസഭാ ചരിത്രത്തിലെ റെക്കോഡ് കൂടിയാണിത്. 34 ആം വയസിൽ മന്ത്രിയായി. 77ലെ കരുണാകരൻ സർക്കാരിൽ തൊഴിൽ മന്ത്രിയായി, പിന്നീട് പലമന്ത്രിസഭകളിലും ആഭ്യന്തര, ധനകാര്യ വകുപ്പ് കൈകാര്യം ചെയ്തു.
രണ്ടു തവണ സംസ്ഥാന മുഖ്യമന്ത്രിയായി. എം എ കുട്ടപ്പന് രാജ്യസഭാ സീറ്റ് നിഷേധിച്ചതിൽ പ്രതിഷേധിച്ച്1991ൽ ധനമന്ത്രി സ്ഥാനം രാജിവച്ച ചരിത്രവുമുണ്ട് ഉമ്മൻചാണ്ടിക്ക്.
കെ കരുണാകരനെയോ എകെ ആന്റണിയെ പോലെയായോ ദേശീയ രാഷ്ട്രീയത്തിലേക്ക് ചുവടുവച്ചിട്ടില്ല ഉമ്മൻചാണ്ടി. പുതുപ്പള്ളി മുതൽ പുതുപ്പള്ളി വരെ നീണ്ടതായിരുന്നു ഉമ്മൻചാണ്ടിയുടെ രാഷ്ട്രീയ ജീവിതം
അമ്പതാണ്ടുകളിലേറെക്കാലം കോണ്‍ഗ്രസിനെ അടയാളപ്പെടുത്തിയ ദീർഘവീഷണവും ഇച്ഛാശക്തിയും കൊണ്ട് കേരളത്തെ പടുത്തുയത്തിയ രാഷ്ട്രീയ ധാരയാണ് ഉമ്മന്‍ചാണ്ടിയുടെ വിയോഗത്തോടെ ഇല്ലാതാവുന്നത്.
Summary: Former Kerala chief minister and Congress Working Committee member Oommen Chandy died in a hospital in Bengaluru on Tuesday morning. He was 79. The death of Chandy, who had been undergoing treatment for cancer since 2019, was announced by his son, Congress leader Chandy Oommen, in a Facebook post at 4.30 am.
Discussion about this post