ഇന്ത്യ യുഎഇ വ്യാപാര കരാറിന് ഇനിമുതൽ രൂപ മതിയെന്ന് ഇരുരാജ്യങ്ങളും ധാരണയായി. ഡോളർ വാങ്ങാനും കൈമാറാനുമുള്ള അധിക ചിലവ് ഇതോടെ ഇല്ലാതാകും. കൂടാതെ ഇന്ത്യൻ കറൻസിയിൽ ഇടപാടുകൾ നടക്കുന്നതോടെ കേരളത്തിനും അത് ഗുണം ചെയ്യും. അവശ്യ വസ്തുക്കളടക്കം നിരവധി ഉൽപന്നങ്ങൾ കേരളത്തിൽ നിന്ന് പ്രതിദിനം കയറ്റുമതി ചെയ്യുന്നുണ്ട്. ക്രൂഡ് ഓയിലടക്കമുള്ള ഇടപാടുകൾക്ക് രൂപ നൽകിയാൽ മതിയെന്നത് ഇന്ത്യക്ക് വൻ തോതിൽ വിദേശ നാണയം ലാഭിക്കാനാകും.
ധനകാര്യ വകുപ്പിലേയും ബാങ്കിംഗ് മേഖലയിലേയും മുതിർന്ന ഉദ്യോഗസ്ഥർ അബുദാബി കേന്ദ്രീകരിച്ചു നടത്തിയ ചർച്ചയുടെ വിജയമാണ് പുതിയ തീരുമാനം. കഴിഞ്ഞ കുറച്ചു മാസങ്ങളായി ചർച്ചകൾ നടന്ന് വരികയായിരുന്നു. ബാങ്ക് വഴി ഇനിമുതൽ രൂപയിൽ ഇടപാടുകൾ വേഗത്തിൽ നടത്താം എന്നതും വലിയ നേട്ടമാണ്.
ഇന്ത്യയുമായുള്ള വ്യാപാര ഇടപാടിന് കറൻസിയായി രൂപയെ അംഗീകരിക്കുന്ന 18ാമത് രാജ്യമായി ഇതോടെ യുഎഇ മാറി. റഷ്യ, ജർമ്മനി, യുകെ തുടങ്ങിയ പ്രമുഖ രാജ്യങ്ങളുമായി ഇന്ത്യക്ക് നിലവിൽ സമാന കരാറുണ്ട്. ഇന്ത്യൻ കറൻസിയ്ക്ക് കൂടുതൽ രാജ്യങ്ങളിൽ വ്യാപാര അംഗീകാരം ലഭിക്കുന്നു എന്നത് രൂപയെ ആഗോള കറൻസിയാക്കാൻ ലക്ഷ്യമിടുന്ന കേന്ദ്ര സർക്കാരിനും നേട്ടമാണ്.
Summary: No dollar; UAE-India trade deal now Rupees.