ബാങ്കോക്ക്: തായ്ലാൻഡിൽ നടക്കുന്ന ഏഷ്യൻ അത്ലറ്റിക്സ് ചാമ്പ്യൻഷിപ്പിന്റെ രണ്ടാം ദിനം ഇന്ത്യ നേടിയത് മൂന്ന് സ്വർണവും രണ്ട് വെങ്കലങ്ങളും. മലയാളി ട്രിപ്പിൾ ജമ്പ് താരം അബ്ദുള്ള അബൂബക്കർ, മദ്ധ്യ ദൂര ഓട്ടക്കാരൻ അജയ്കുമാർ സരോജ്, വനിതാ താരം ജ്യോതി യരാജി എന്നിവരാണ് പൊന്നണിഞ്ഞത്. ഡെക്കാത്ത്ലണിൽ തേജസ്വിൻ ശങ്കറും, വനിതകളുടെ 400 മീറ്ററിൽ ഐശ്വര്യ മിശ്രയും വെങ്കലം നേടി. ആദ്യ ദിനം അഭിഷേക് പാലിന്റെ വെങ്കലത്തിലൂടെ മെഡൽ വേട്ടയ്ക്ക് തുടക്കം കുറിച്ചിരുന്ന ഇന്ത്യ ഇതോടെ ആറു മെഡലുകളുമായി പട്ടികയിൽ മൂന്നാം സ്ഥാനത്തേക്ക് ഉയർന്നു. അഞ്ചു സ്വർണമുൾപ്പടെ 15 മെഡലുകളുമായി ജപ്പാനാണ് ഒന്നാമത്.മൂന്ന് സ്വർണം നേടിയ ചൈന രണ്ടാമതുണ്ട്.
ആദ്യ ചാട്ടം ഫൗളാക്കിയ അബ്ദുള്ള രണ്ടാം ശ്രമത്തിൽ 15.80 മീറ്ററും മൂന്നാം ശ്രമത്തിൽ 16.54 മീറ്ററും ചാടി. നാലാം ശ്രമത്തിലാണ് സ്വർണത്തിലെത്തിയത്. 16.73 മീറ്റർ ചാടിയ ജപ്പാന്റെ ഇകേഹാത ഹിക്കാരുവിനാണ് വെള്ളി. സ്വർണം നേടിയെങ്കിലും 17 മീറ്റർ യോഗ്യതാ മാർക്ക് മറികടന്ന് ലോക അത്ലറ്റിക് ചാമ്പ്യൻഷിപ്പിന് യോഗ്യത നേടാൻ അബ്ദുള്ളയ്ക്ക് കഴിഞ്ഞില്ല.
പുരുഷന്മാരുടെ 1500 മീറ്ററിൽ ജപ്പാന്റെയും ചൈനയുടെയും കനത്ത വെല്ലുവിളി മറികടന്നാണ് അജയ്കുമാർ സരോജ് സ്വർണത്തിലെത്തിയത്. മൂന്ന് മിനിട്ട് 41.51 സെക്കൻഡിലായിരുന്നു അജയ്യുടെ ഫിനിഷ്. ജപ്പാന്റെ തകാഷി യുസുക്കെ വെള്ളിയും ചെെനയുടെ ലി യു ദേഷു വെങ്കലവും നേടി. വനിതകളുടെ 100 മീറ്റർ ഹർഡിൽസിൽ 13.09 സെക്കൻഡിൽ ഫിനിഷ് ചെയ്താണ് ജ്യോതി സ്വർണമണിഞ്ഞത്.
ഹൈജമ്പിൽ നിന്ന് ഡെക്കാത്ത്ലണിലേക്ക് ട്രാക്ക് മാറിയ തേജസ്വിൻ ശങ്കറിന്റെ ഈയിനത്തിലെ ആദ്യ അന്താരാഷ്ട്ര മെഡലായിരുന്നു ബാങ്കോക്കിലെ വെങ്കലം. വനിതകളുടെ 400 മീറ്ററിൽ ഐശ്വര്യ നേടിയതും തന്റെ ആദ്യ മേജർ അന്താരാഷ്ട്ര മെഡലായിരുന്നു. പുരുഷ 400 മീറ്ററിലും വനിതാ 1500 മീറ്ററിലും ഇന്ത്യയ്ക്ക് മെഡൽ നേടാനായില്ല.
Summary: Asian Athletics Championship held in Thailand India won three gold and two bronze medals on the second day.
Discussion about this post