ഗൂഗിളിന്റെ നിര്‍മിത ബുദ്ധി ചാറ്റ്‌ബോട്ടായായ ഗൂഗിള്‍ ബാര്‍ഡിനോട് ഇനി മുതൽ മലയാളത്തിലും ചോദിക്കൂ; ഉത്തരവും മലയാളത്തിൽ തന്നെ കിട്ടും. ഗൂഗിൾ ബാർഡ് ഇനി മുതൽ 40-ലധികം ഭാഷകളില്‍ ലഭ്യമാണെന്നു കമ്പനി അറിയിച്ചിട്ടുണ്ട്. ഇതിൽ മലയാളം, ഹിന്ദി, തമിഴ്, തെലുഗു, കന്നഡ, മറാത്തി, ബംഗാളി, ഉറുദു, ഗുജറാത്തി എന്നീ 9 ഇന്ത്യൻ ഭാഷകളും ഉൾപ്പെട്ടിട്ടുണ്ട്.
ഉപഭോക്താക്കൾക്ക് ഇഷ്ടാനുസരണം പ്രതികരണ രീതികൾ തിരഞ്ഞെടുക്കാനുള്ള ഓപ്ഷനുമുണ്ട്. ബാര്‍ഡിന്റെ മറുപടിയുടെ മുകളില്‍ വലതുവശത്തുള്ള മൂന്ന് ഡോട്ടുകളില്‍ ക്ലിക്കുചെയ്യുന്നതിലൂടെ ലളിതം, നീളമുള്ളത്, ഹ്രസ്വം, പ്രൊഫഷണല്‍, കാഷ്വല്‍ എന്നിങ്ങനെ അഞ്ച് വ്യത്യസ്ത പ്രതികരണ ഓപ്ഷനുകള്‍ കാണാനാകും.
ഇമേജ് പ്രോംപ്റ്റ് മനസ്സിലാക്കാനുള്ള കഴിവാണ് ബാർഡിന്റെ അപ്ഡേറ്റുകളിൽ ഏറെ ശ്രദ്ധേയമായത്. ഉദാഹരണത്തിന് നിങ്ങള്‍ വീട്ടിലുള്ള ഭക്ഷണ ചേരുവകള്‍ അടങ്ങിയ ഒരു ചിത്രം അപ്ലോഡ് ചെയ്യുകയാണെങ്കില്‍, ചിത്രം വിശകലനം ചെയ്യാനും ചേരുവകളെ അടിസ്ഥാനമാക്കി പാചക നിര്‍ദ്ദേശങ്ങള്‍ നല്‍കാനും ബാർഡിന് കഴിയും. നിലവിൽ ഇംഗ്ലീഷിൽ മാത്രമാണ് ഈ സേവനം ലഭിക്കുന്നത്; അതും സൗജന്യമായി. കൂടാതെ ബ്രസീലിലും യൂറോപ്പിലും ഉള്‍പ്പെടെ 59 മേഖലകളിൽ ബാര്‍ഡ് ഇനി മുതല്‍ ലഭ്യമാണെന്നും കമ്പനി അറിയിച്ചിട്ടുണ്ട്.
Summary: Google Bard is now available in more than 40 languages.