ഭക്ഷ്യവസ്തുക്കളുടെ വിലവർധന: പണപ്പെരുപ്പം ഉയരുന്നു

ഉപഭോക്തൃവില (റീട്ടെയില്‍) സൂചിക അടിസ്ഥാനമായുള്ള പണപ്പെരുപ്പം കുതിച്ചുയരുന്നു. ജൂണില്‍ 4.81 ശതമാനത്തിലേക്കാണ് പണപ്പെരുപ്പം കുതിച്ചെത്തിയത്. മേയില്‍ രണ്ടുവര്‍ഷത്തെ താഴ്ചയായ 4.25 ശതമാനമായിരുന്നതിൽ നിന്നാണ് ഇപ്പോൾ ഈ ഉയർച്ച. തക്കാളി അടക്കമുള്ള പച്ചക്കറികൾക്കും മറ്റു ഭക്ഷ്യ വസ്തുക്കൾക്കും വില കൂടിയതോടെയാണ് ഉപഭോക്തൃവില സൂചികയിലെ ഈ കുതിപ്പ്.

ഏപ്രിലില്‍ 5.63 ശതമാനമായിരുന്ന കേരളത്തിലെ റീട്ടെയില്‍ പണപ്പെരുപ്പം മേയില്‍ 4.48 ശതമാനത്തിലേക്ക് കുറഞ്ഞിരുന്നു. എന്നാൽ ഇപ്പോൾ പണപ്പെരുപ്പം 5.25 ശതമാനത്തിലേക്ക് ഉയർന്നിട്ടുണ്ട്. പണപ്പെരുപ്പ നിരക്ക് 5 ശതമാനത്തിന് മുകളിലുള്ള സംസ്ഥാനങ്ങളിലൊന്നാണ് കേരളം. തമിഴ്‌നാട് – 6.41%, ഉത്തരാഖണ്ഡ് – 6.32%, ബിഹാര്‍ – 6.16%, ഹരിയാന – 6.10%, തെലങ്കാന – 5.58%, ഉത്തര്‍പ്രദേശ് – 5.53% എന്നിവയാണ് നിലവിൽ കേരളത്തിലേക്കാള്‍ പണപ്പെരുപ്പമുള്ള സംസ്ഥാനങ്ങൾ.

പണപ്പെരുപ്പം 4 ശതമാനമായി നിയന്ത്രിക്കണമെന്നാണ് റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ശക്തികാന്ത ദാസ് അദ്ധ്യക്ഷനായ ആറംഗ പണനയ നിര്‍ണയ സമിതിക്ക് കേന്ദ്രസര്‍ക്കാര്‍ നല്‍കിയിട്ടുള്ള നിര്‍ദേശം. ഇതിനിടയിലാണ് പണപ്പെരുപ്പം ഉയരുന്നത്.

Summary: Rising food prices: Retail inflation rises.

Exit mobile version