സിനിമ തീയേറ്ററുകളിൽ ഭക്ഷ്യത്തിന് വില കുറയും. തീയേറ്ററുകളിൽ കിട്ടുന്ന ഭക്ഷണ പാനീയങ്ങളുടെ ജിഎസ്ടി 18 ശതമാനത്തിൽ നിന്ന് 5 ശതമാനമായി കുറയ്ക്കാൻ ഡൽഹിയിൽ ചേർന്ന 50-ാം ജിഎസ്ടി കൗൺസിൽ യോഗത്തിൽ തീരുമാനമായി. ഈ മാറ്റം വരുന്നതോടെ റെസ്റ്ററന്റുകളിൽ ഉള്ള നിരക്കാകും ഇനിമുതൽ തീയേറ്ററുകളിലും ഉണ്ടാകുക.
കൂടാതെ ഓൺലൈൻ ഗെയിമുകൾക്ക് ജിഎസ്ടി ഏർപ്പെടുത്താനും യോഗത്തിൽ തീരുമാനം ആയി. ഓൺലൈൻ ഗെയിമുകൾ കൂടാതെ കുതിരപ്പന്തയം, കാസിനോകൾ എന്നിവയ്ക്കും 28 ശതമാനം ജിഎസ്ടി ബാധകമാകും. കാൻസറിനും അപൂർവ രോഗങ്ങൾക്കും മരുന്നുകളുടെ വില കുറയും. അപൂർവ രോഗങ്ങളുടെ ചികിത്സയിൽ ഉപയോഗിക്കുന്ന ഫുഡ് ഫോർ സ്പെഷ്യൽ മെഡിക്കൽ പർപ്പസ് (എഫ്എസ്എംപി) എന്നിവയുടെ ഇറക്കുമതിക്ക് ജിഎസ്ടി ഒഴിവാക്കാൻ യോഗം തീരുമാനിച്ചിട്ടുണ്ട്.
സെഡാനുകൾ ഒഴികെയുള്ള മൾട്ടി യൂട്ടിലിറ്റി വാഹനങ്ങൾക്ക് 22% സെസ് ഏർപ്പെടുത്തിയിട്ടുണ്ട്. സ്വകാര്യ ഓപ്പറേറ്റർമാർ നൽകുന്ന ഉപഗ്രഹ വിക്ഷേപണ സേവനങ്ങളുടെ ജിഎസ്ടി ഒഴിവാക്കിയിട്ടുണ്ട്.
ജിഎസ്ടി രജിസ്ട്രേഷന് ഇനിമുതൽ വ്യക്തിഗത ബാങ്ക് അക്കൗണ്ട് വിവരങ്ങൾ നിർബന്ധമാക്കി. ഘട്ടങ്ങളായി ജിഎസ്ടി അപ്പീൽ ട്രൈബ്യൂണലുകൾ സ്ഥാപിക്കാനും ജിഎസ്ടി കൗൺസിൽ യോഗത്തിൽ തീരുമാനമായി. ഒരു ജുഡീഷ്യൽ വിദഗ്ധനും ഒരു സാങ്കേതിക വിദഗ്ധനുമാണ് ട്രൈബ്യൂണലിൽ ഉൾപ്പെടുക. തലസ്ഥാന നഗരങ്ങളിലും ഹൈക്കോടതി ബഞ്ചുകൾ ഉള്ള സ്ഥലങ്ങളിലും ആണ് ട്രൈബ്യൂണലുകൾ സ്ഥാപിക്കാൻ ഉദ്ദേശിക്കുന്നത്. കേരളത്തിൽ തിരുവനന്തപുരത്തും കൊച്ചിയിലുമാണ് ജിഎസ്ടി അപ്പീൽ ട്രൈബ്യൂണലുകൾ വരിക.
Summary: Food will be cheaper in theaters; GST now for online games too.
Discussion about this post