ദന്താരോഗ്യം എന്നത് വളരെ പ്രാധാന്യം നൽകേണ്ട ഒന്നാണ്. ശരീരത്തിൻ്റെ മൊത്തം ആരോഗ്യം കാത്തുസൂക്ഷിക്കുന്നതിന് കൃത്യമായ ദന്തസംരക്ഷണം അത്യന്താപേക്ഷിതമാണ്. മാറുന്ന ജീവിത ശൈലിയും ക്രമാതീതമായ അളവിലുള്ള മധുര പലഹാരങ്ങൾ, ശീതള പാനീയങ്ങളുടെ ഉപയോഗം, പല്ലിൻെറയും വായുടെയും ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കുന്നു. കൃത്യമായ രീതിയിൽ വായ വൃത്തിയാക്കാത്തതും ഒരു കാരണമാണ്.
ദന്തക്ഷയം, മോണരോഗം എന്നിവയാണ് പ്രധാന പ്രശ്‌നങ്ങൾ. ദന്താരോഗ്യത്തിന് പോഷകങ്ങൾ അടങ്ങിയ ഭക്ഷണം തന്നെ കഴിക്കണം. പല്ലുകൾ ആരോഗ്യത്തോടെ ഇരിക്കാൻ ഡയറ്റിൽ ഉൾപ്പെടുത്തേണ്ട ചില ഭക്ഷണങ്ങൾ ഏതൊക്കെയാണെന്ന് നോക്കാം.
- പല്ലുകളുടെ ആരോഗ്യത്തിന് പ്രധാന ധാതുക്കളായ കാത്സ്യം, പ്രോട്ടീൻ, വിറ്റാമിൻ ഡി എന്നിവ വളരെ അത്യാവശ്യമാണ്. ഇവയുടെ മികച്ച ഉറവിടമാണ് മുട്ട. അതിനാൽ മുട്ട ഡയറ്റിൽ ഉൾപ്പെടുത്തുന്നത് ദന്താരോഗ്യത്തിന് നല്ലതാണ്.
- പല്ലുകളിൽ ‘ക്യാവിറ്റി’ ഉണ്ടാകുന്നതു തടയാൻ ആപ്പിൾ നല്ലതാണ്. ചവച്ചിറക്കുന്നതും നാരുകളടങ്ങിയതുമായ പഴങ്ങൾ പല്ലുകളിൽ പറ്റിപിടിക്കുന്ന ബാക്ടീരിയകളെ (പ്ലാക്) നീക്കം ചെയ്യും.
- വിറ്റാമിനുകൾ ധാരാളം അടങ്ങിയ മധുര കിഴങ്ങും ദന്താരോഗ്യത്തിന് മികച്ചതാണെന്ന് വിദഗ്ധർ പറയുന്നു.
- വിറ്റാമിൻ സി ധാരാളം അടങ്ങിയ പഴങ്ങളും പച്ചക്കറികളും ദന്താരോഗ്യത്തിന് ഏറേ നല്ലതാണ്. ഓറഞ്ച്, നാരങ്ങ, പൈനാപ്പിൾ, തക്കാളി, വെള്ളരിക്ക തുടങ്ങിയവയൊക്കെ ഡയറ്റിൽ ഉൾപ്പെടുത്താം. ഇവ പല്ലുകളുടെ ആരോഗ്യത്തെ സംരക്ഷിക്കും.
- ചീര, ബ്രൊക്കോളി, മറ്റു ഇലക്കറികളിൽ നിരവധി വിറ്റാമിനുകളും ധാതുക്കലും അടങ്ങിയിട്ടുണ്ട്. ഇവയിൽ അടങ്ങിയിരിക്കുന്ന വിറ്റാമിൻ എ, ‘ഫോളിക് ആസിഡ്’ എന്നിവ പല്ലിന്റെയും മോണയുടെയും ആരോഗ്യം മെച്ചപ്പെടുത്താൻ സഹായിക്കും.
- വിറ്റാമിനുകൾ, മിനറലുകൾ, പൊട്ടാസ്യം എന്നിവയാൽ സമ്പന്നമായ പഴം ഏറെ ആരോഗ്യഗുണങ്ങളുള്ളതാണ്. പല്ലുകളിൽ പുളിപ്പ് അനുഭവപ്പെടാതിരിക്കാനും മറ്റ് ദന്തരോഗങ്ങളെ അകറ്റാനും പല്ലുകളുടെ നിറം വർധിപ്പിക്കാനും ദിവസവും പഴം കഴിക്കുന്നത് നല്ലതാണ്.
- പാലും പാലുത്പന്നങ്ങളും പല്ലിൻറെ ആരോഗ്യത്തിന് നല്ലതാണ്. പാൽ, ചീസ്, തൈര് എന്നിവയിൽ കാത്സ്യം, ഫോസ്ഫറസ് എന്നിവ അടങ്ങിയിട്ടുണ്ട്. ഇത് പല്ലിന്റെ ഇനാമലിനെ സംരക്ഷിക്കും. പാൽ ഉത്പന്നങ്ങളിലെ പോഷകങ്ങൾക്ക് ബാക്ടീരിയ ഉത്പാദിപ്പിക്കുന്ന ചില ആസിഡുകളെ നിർവീര്യമാക്കാൻ കഴിയും. ഇതുവഴി ഇവയ്ക്ക് പല്ലുകളുടെ ആരോഗ്യത്തെ സംരക്ഷിക്കാൻ കഴിയും.
Summary : Diet tips for healthy tooth.
Discussion about this post