ഇന്ത്യയിൽ നടക്കുന്ന ഏകദിന ലോകകപ്പിൽ പാക്കിസ്ഥാൻ കളിക്കണോയെന്ന് തീരുമാനിക്കാൻ ഉന്നതതല സമിതിയെ നിയമിച്ച പാക്ക് സർക്കാരിനെതിരെ പിസിബി മുൻ ചെയർമാൻ ഖാലിദ് മഹ്മൂദ്. കമ്മിറ്റിയിൽ പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡിൽ നിന്ന് ആരെയും ഉൾപ്പെടുത്താതിനെയും ഖാലിദ് മഹ്മൂദ് ചോദ്യം ചെയ്തു. ലോകകപ്പ് കളിക്കുന്ന കാര്യം തീരുമാനിക്കാൻ പാക്കിസ്ഥാൻ മന്ത്രിമാരുടെ സമിതിയെ വച്ചത്, രാഷ്ട്രീയവും സ്പോർട്സും കൂട്ടിക്കുഴയ്ക്കരുതെന്ന സർക്കാർ നയത്തിനു വിരുദ്ധമാണെന്ന് ഖാലിദ് തുറന്നടിച്ചു.
ഇന്ത്യ പാകിസ്ഥാനിൽ കളിയ്ക്കാൻ വന്നില്ലെങ്കിൽ പാകിസ്ഥാൻ ലോകകപ്പ് കളിക്കില്ല എന്ന് പരസ്യമായി പ്രസ്താവിക്കുന്നത് ശരിയായ രീതിയല്ല. ഏഷ്യകപ്പും പാകിസ്ഥാൻ ലോകകപ്പ് കളിക്കുന്നതും തമ്മിൽ കൂട്ടികുഴക്കരുതെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ ഇന്ത്യയിലേക്ക് ടീമിനെ അയക്കുന്നതിനു മുൻപ് സുരക്ഷാ സംഘം പരിശോധിക്കുമെന്നു പറയുന്നതിൽ തെറ്റു കാണുന്നില്ല.
1999ൽ താൻ ചെയർമാനായി ഇരുന്നപ്പോൾ ഇന്ത്യയിൽനിന്ന് ടീമിന് ഭീഷണിയുണ്ടായിരുന്നു. പക്ഷേ സുരക്ഷാ സംഘത്തെ നിയോഗിച്ച ശേഷം ടീമിനെ ഇന്ത്യയിലേക്ക് അയച്ചിരുന്നെന്നും അദ്ദേഹം ഓർമിപ്പിച്ചു. പാകിസ്ഥാൻ സർക്കാരിന്റെ ഇപ്പോഴുള്ള പ്രതികരണം കാരണം അടുത്ത ഐസിസി യോഗത്തിൽ പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡ് പ്രതിരോധത്തിൽ ആകുമെന്ന് ഖാലിദ് കൂട്ടിച്ചേർത്തു.
Summary: Don’t mix politics and sports; Former PCB Chairman against Pakistan Govt.
Discussion about this post