ചരക്ക്-സേവന നികുതിയെയും (GST) പണം തിരിമറി തടയല്‍ നിയമത്തിന് (PMLA) കീഴിലാക്കി കേന്ദ്ര സർക്കാർ. കള്ളപ്പണവും നികുതി വെട്ടിപ്പും തീവ്രവാദ ഫണ്ടിംഗും മയക്കുമരുന്ന് വ്യാപാരവും തടയാനുള്ള നടപടികളുടെ ഭാഗമായാണ് കേന്ദ്ര സർക്കാരിന്റെ ഈ നീക്കം.
പി.എം.എല്‍.എ നിയമം – 2002ലെ സെക്ഷന്‍ 66 (1)(iii) പ്രകാരം എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും ജി.എസ്.ടി നെറ്റ്‌വര്‍ക്ക് (ജി.എസ്.ടി.എന്‍/GSTN) പോര്‍ട്ടലും തമ്മില്‍ വിവരങ്ങള്‍ കൈമാറണമെന്ന സര്‍ക്കുലര്‍ കഴിഞ്ഞദിവസം ധനമന്ത്രാലയത്തിന് കീഴിലെ റവന്യൂ വകുപ്പ് പുറത്തിറക്കിയിട്ടുണ്ട്. ഇത് പ്രകാരം നികുതിദായകരുടെ ജി.എസ്.ടി അടവ്, റിട്ടേണ്‍ സമര്‍പ്പണം എന്നിവ സംബന്ധിച്ച് പൊരുത്തക്കേട് ശ്രദ്ധയില്‍പ്പെടുകയാണെങ്കിൽ മറ്റ് അന്വേഷണ ഏജന്‍സികള്‍ക്ക് പുറമേ ഇനി പി.എല്‍.എം.എ പ്രകാരം ഇ.ഡിയുടെ അന്വേഷണവും നേരിടേണ്ടിവരും. നികുതി വകുപ്പും കസ്റ്റംസുമായിരുന്നു ഇതുവരെ നികുതി തട്ടിപ്പ് സംബന്ധിച്ചത് അന്വേഷിച്ചിരുന്നത്. വ്യാജ ജി.എസ്.ടി ഇന്‍വോയ്‌സ്, ഇന്‍പുട്ട് ക്രെഡിറ്റ് ടാക്‌സ് അനധികൃതമായി തട്ടിയെടുക്കാനുള്ള വ്യാജ രേഖകൾ എന്നീ കേസുകളിൽ ഇനിമുതൽ ഇ.ഡിയും അന്വേഷണം നടത്തും.
Summary: Tax evasion under PMLA; ED to investigate.