ഇന്ത്യയിൽ കരൾ രോഗം പിടിപെടുന്നവരുടെ എണ്ണം ഉയരുകയാണെന്ന് ലോകാരോഗ്യ സംഘടനയുടെ കണക്കുകൾ സൂചിപ്പിക്കുന്നു. ശരിയായ പരിചരണം ലഭിക്കാത്തതും ചിട്ടയില്ലാത്ത ജീവിത രീതിയുമൊക്കെയാണ് ഇതിനുള്ള പ്രധാന കാരണങ്ങൾ. ശരീരത്തിലെ ഏറ്റവും വലിയ ഗ്രന്ഥിയാണ് കരൾ. രക്തത്തിൽ നിന്ന് വിഷവസ്തുക്കളെയും മാലിന്യങ്ങളെയും പുറന്തള്ളാനും ദഹനത്തെ സഹായിക്കുന്ന ബൈൽ ഉൽപാദിപ്പിക്കാനും പഞ്ചസാരയുടെ തോത് നിയന്ത്രിക്കാനുമെല്ലാം കരൾ നമ്മെ സഹായിക്കുന്നു.
ഫാറ്റി ലിവർ എന്ന രോഗാവസ്ഥയാണ് കരൾ രോഗങ്ങളിൽ ഏറ്റവും കൂടുതൽ കണ്ടുവരുന്നത്. മദ്യപാനം മൂലമുള്ള ആൽക്കഹോളിക് ഫാറ്റി ലിവറും മദ്യപാനികൾ അല്ലാത്തവർക്ക് വരുന്ന നോൺ ആൽക്കഹോളിക് ഫാറ്റി ലിവർ രോഗവുമുണ്ട്. ഫാറ്റി ലിവർ ഒരു ജീവിതശൈലീ രോഗമാണ്. ജീവിതശൈലീ വ്യതിയാനങ്ങളിലൂടെ ഈ രോഗത്തെ പ്രതിരോധിക്കാനാകും.
കരളിൽ കൊഴുപ്പടിയുന്ന അവസ്ഥയാണ് ഫാറ്റി ലിവർ. ഫാറ്റി ലിവർ എപ്പോഴും അപകടകാരി ആകണം എന്നില്ല. എന്നാൽ ചിലരിൽ കരളിൽ നിറയുന്ന കൊഴുപ്പിന്റെ പ്രവർത്തനം മൂലം കോശങ്ങൾക്ക് തകരാർ സംഭവിക്കുകയും നീർക്കെട്ട് ഉണ്ടാവുകയും ചെയ്യും. അത് പിന്നീട് ലിവർ സിറോസിസ് പോലുള്ള രോഗങ്ങളിലേക്ക് നയിച്ചേക്കാം. ഹെപ്പറ്റൈറ്റിസ് സി, വിൽസൺസ് ഡിസീസ് തുടങ്ങിയ ചില അപൂർവ കരൾ രോഗത്തിന്റെ ആദ്യ ലക്ഷണമായും ഫാറ്റി ലിവർ കണ്ടുവരാറുണ്ട്.
കേടുപറ്റിയാൽ സ്വയം സുഖപ്പെടുത്താനും സ്വന്തം ശക്തിയെ പുനർജനിപ്പിക്കാനുള്ള കഴിവ് കരളിനുണ്ട്. അതുകൊണ്ടുതന്നെ പലപ്പോഴും ലക്ഷണങ്ങൾ അത്ര പ്രകടമാകണം എന്നില്ല. കരൾ രോഗങ്ങൾ വൈകി മാത്രം തിരിച്ചറിയുന്നതിന്റെ ഒരു പ്രധാന കാരണം ഇതാണ്. ഭക്ഷണ ക്രമീകരണത്തിലൂടെയും ചിട്ടയായ വ്യായാമം ശീലമാക്കിയും ഫാറ്റി ലിവർ പോലെയുള്ള ജീവിത ശൈലി രോഗത്തെ നമുക്ക് അകറ്റി നിർത്താവുന്നതേ ഉള്ളൂ.
SUmmary: Fatty liver increases in India; It can be prevented by lifestyle changes.
Discussion about this post