വിറ്റോർ റോക്കിനായി യൂറോപ്പിൽ മത്സരം കടുക്കുന്നു

ബ്രസീലിലെ പുതിയ സൂപ്പർ താരമായ വിറ്റോർ റോക്കിനായി യൂറോപ്പിൽ മത്സരം കടുക്കുന്നു. ബാഴ്‌സലോണയ്ക്കു പിന്നാലെ പിഎസ്ജിയും ടോട്ടൻഹാമും വിറ്റോറിനായി രംഗത്തുണ്ടായിരുന്നു. ബാഴ്‌സലോണ വിറ്റോറുമായി കരാറിൽ ഏകദേശ ധാരണകളായി എന്നും റിപ്പോർട്ടുകളുണ്ടായിരുന്നു. എന്നാലിപ്പോൾ പ്രീമിയർ ലീഗ് വമ്പന്മാരായ മാഞ്ചസ്റ്റർ യുണൈറ്റഡും വിറ്റോറിനായി മത്സരിക്കുന്നുണ്ട്. ബാഴ്‌സലോണയുടെ കരാറിനേക്കാൾ മൂന്നിരട്ടി പ്രതിഫലം നൽകുന്ന കരാറുമായാണ് യുണൈറ്റഡ് രംഗത്തെത്തിയത്. ബ്രസീലിയൻ ക്ലബായ അത്‌ലറ്റികോ പരാനൻസിന്റെ താരമാണ് 18 കാരനായ വിറ്റോർ. നമ്പർ 9 പൊസിഷനിൽ ഏതൊരു ടീമിനും വരുംകാലങ്ങളിലേക്കുള്ള മുതൽകൂട്ടാകും വിറ്റോർ എന്ന് ഉറപ്പാണ്. നിലവിൽ തെക്കേ അമേരിക്കയിലെ പുതുതലമുറയിൽ ഏറ്റവും മികച്ച മുന്നേറ്റനിരക്കാരിൽ ഒരാളാണ് വിറ്റോർ.

Exit mobile version