സംസ്ഥാനത്ത് കനത്ത മഴയിൽ പലയിടത്തും നാശനഷ്ടങ്ങൾ

സംസ്ഥാനത്ത് മഴ തുടരുന്ന സാഹചര്യത്തിൽ പല ജില്ലകളിലും കനത്ത നാശനഷ്ടം. ശക്തമായ കാറ്റിലും മഴയിലും വീടുകൾ തകർന്നു. കുട്ടനാട്ടിൽ മടവീഴ്ച റിപ്പോർട്ട് ചെയ്തു. പലയിടത്തും വൈദ്യുതി ബന്ധം തകരിലായി.

ആലപ്പുഴ ജില്ലയിൽ കുട്ടനാട്ടിൽ അഞ്ചിടത്ത് ജലനിരപ്പ് അപകട നിലയിലെത്തിയിരിക്കുകയാണ്. നെടുമുടി, പള്ളാത്തുരുത്തി, കാവാലം, മങ്കൊമ്പ് , ചമ്പക്കുളം എന്നിവിടങ്ങളിലാണ് ജല നിരപ്പുയർന്നത്. ചമ്പക്കുളം ഇളമ്പാടം മാനംകേരി പാടത്ത് മട വീഴ്ചയുണ്ടായതായും റിപ്പോർട്ടുണ്ട്. 350 ഓളം വീടുകളിലേക്ക് വെള്ളം കയറുന്ന സാഹചര്യവുമുണ്ട്. പറവൂരിൽ നെൽപാടം വെള്ളത്തിൽ മുങ്ങി. 50 ഏക്കറുള്ള ഇളയിടത്തുരുത്ത് പാടമാണ് മുങ്ങിയത്.10 ദിവസം മുമ്പ് വിത്തുവിതച്ച പാടമാണിത്.

പാലക്കാട് അട്ടപ്പാടിയിൽ ഇന്നലെ മരം വീണ് 33കെവി ലൈൻ പൊട്ടിയിരുന്നു. ഇതുവരെ വൈദ്യുതി ബന്ധം പുനസ്ഥാപിക്കാനായിട്ടില്ല. കൊല്ലം ജില്ലയിൽ 1.43 കോടി രൂപയുടെ നാശനഷ്ടമുണ്ടായെന്നാണ് വിലയിരുത്തൽ. ജൂലൈ ഒന്നു മുതൽ 1,43,03,000 രൂപയുടെ നഷ്ടമാണുണ്ടായത്. മലയോര മേഖലയിൽ മഴ തുടരുകയാണ്. കരുനാഗപ്പള്ളി ശ്രായിക്കാട്, കൊല്ലം താന്നി, ഇരവിപുരം എന്നിവടങ്ങളിൽ കടൽക്ഷോഭം രൂക്ഷമായി തുടരുന്നു.

തൃശൂർ ആറ് ഇടങ്ങളിൽ ദുരിതാശ്വാസ ക്യാമ്പ് തുറന്നു. മിന്നൽ ചുഴലി വീശിയ ചാലക്കുടിയിലെ കൂടപ്പുഴയിൽ വൈദ്യുതി ബന്ധം ഇനിയും പുനസ്ഥാപിക്കാനായില്ല. വിവിധ ഭാഗങ്ങളിൽ മരം കടപുഴകി ദേശീയ പാതയിൽ ഉൾപ്പെടെ ഗതാഗതം തടസപ്പെട്ടു. 66 പേരെയാണ് ജില്ലയിൽ മാറ്റി പാർപ്പിച്ചിരിക്കുന്നത്.

സംസ്ഥാനത്ത് ഇന്നും പരക്കെ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പറയുന്നത്. വടക്കൻ കേരളത്തിൽ അതിശക്തമായ മഴ തുടരാൻ സാധ്യതയെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പുണ്ട്. തിരുവനന്തപുരം, കൊല്ലം ഒഴികെയുള്ള 12 ജില്ലകളിൽ മഴ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

Summary: Damages in many places due to heavy rains in Kerala.

Exit mobile version