സോഷ്യൽ മീഡിയയിൽ കൂടുതൽ സമയം ചിലവഴിക്കുന്നവരാണോ? എങ്കിൽ അറിയണം ഈ പഠനം

സമയം ചിലവഴിക്കുന്നതിനായി സോഷ്യൽ മീഡിയയിൽ ഒരുപാട് നേരം വീഡിയോസും ട്രോൾസും കാണുന്നവരാണോ നിങ്ങൾ? എങ്കിൽ അറിയുക. സോഷ്യൽ മീഡിയ ഉപയോഗം ഗുണം പോലെ തന്നെ ഒരു വ്യക്തിയിൽ ദോഷങ്ങളും ഉണ്ടാകുന്നുണ്ട് എന്നാണ് പഠനങ്ങൾ പറയുന്നത്. ഉത്കണ്ഠ, വിഷാദം, സമ്മർദം എന്നിവയിലേക്ക് വഴി തുറക്കാൻ സോഷ്യൽ മീഡിയ ഉപയോഗം വഴിവയ്ക്കുമത്രേ. ബിഹേവിയർ ആൻഡ് ഇൻഫർമേഷൻ ടെക്നോളജി ജേണലിൽ പ്രസിദ്ധീകരിച്ച ഗവേഷണ പഠനത്തിലാണ് ഇത് സംബന്ധിച്ച് പറയുന്നത്.

വ്യത്യസ്ത സോഷ്യൽ മീഡിയ ഉപയോഗ രീതികളും ഏകാന്തതയും മാനസിക ക്ലേശവും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് ഗവേഷണം നടത്തുന്നതിനായി 18 നും 34 നും ഇടയിൽ പ്രായമുള്ള 288 വ്യക്തികളിൽ ഒരു സർവേ നടത്തി. മൂന്ന് തരത്തിലുള്ള സോഷ്യൽ മീഡിയ ഉപയോഗം പഠനമാണ് ഇതിലൂടെ പരിശോധിച്ചത്. മറ്റ് ഉപയോക്താക്കൾ സൃഷ്ടിച്ച ഉള്ളടക്കം മാത്രം നോക്കുന്ന വ്യക്തികൾ,സ്വന്തം ഉള്ളടക്കം പോസ്‌റ്റ് ചെയ്യുമെങ്കിലും മറ്റ് ഉപയോക്താക്കളുമായി ഇടപഴകാത്തതുമായ വ്യക്തികൾ, സ്വന്തം ഉള്ളടക്കം പോസ്റ്റ് ചെയ്യുകയും മറ്റ് ഉപയോക്താക്കളുമായി ഇടപഴകുകയും ചെയ്യുന്ന വ്യക്തികൾ എന്നിങ്ങനെയാണ് വേർതിരിച്ചത്. മറ്റുള്ളവർ സൃഷ്ടിച്ച ഉള്ളടക്കം മാത്രം കാണുന്നവരിൽ ഉത്കണ്ഠ, വിഷാദം, സമ്മർദ്ദം എന്നിവയുണ്ടാകുമെന്ന് പഠനം കണ്ടെത്തി.

മറ്റുള്ളവരുമായി നേരിട്ട് ഇടപഴകാതെ സോഷ്യൽ മീഡിയയിൽ ഉള്ളടക്കം സൃഷ്ടിക്കുന്നതും പങ്കിടുന്നതും സമ്മർദ്ദം കുറയ്ക്കുന്നതിന് സഹായിക്കുന്നതാണെന്ന് പഠനം വെളിപ്പെടുത്തി. കുറഞ്ഞ സോഷ്യൽ മീഡിയ ഉപയോഗം സമ്മർദ്ദം കുറയുന്നതുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്നും പഠനത്തിൽ കണ്ടെത്തി.

സോഷ്യൽ മീഡിയ ഉപയോഗിക്കുന്നവർ അത് നേരം പോക്കിനുള്ള ഉപാധി മാത്രമായി കണ്ട് ഉപയോഗിക്കാതെ ഉള്ളടക്കം സൃഷ്‌ടിക്കുകയും പങ്കിടുകയും ചെയ്യാൻ ശ്രമിക്കണമെന്ന് ഗവേഷകർ പറയുന്നു. ഇത് സമ്മർദ്ദം കുറയ്ക്കാൻ സഹായിക്കുന്നു.

Summary: Spending too much time on social media, related studies.

Exit mobile version