തായ്‌ലന്റിലേക്ക് ഇനി കാറോടിച്ചു പോകാം

ഇന്ത്യ-മ്യാന്‍മര്‍-തായ്ലന്‍ഡ് ത്രിരാഷ്ട്ര ഹൈവേ നിര്‍മ്മാണം 70% പൂര്‍ത്തിയായി

ഡൽഹി: ഇന്ത്യ-മ്യാന്‍മര്‍-തായ്ലന്‍ഡ് ത്രിരാഷ്ട്ര ഹൈവേയുടെ 70 ശതമാനത്തോളം നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയായതായി കേന്ദ്ര ഉപരിതല ഗതാഗത- ഹൈവേ മന്ത്രി നിതിന്‍ ഗഡ്കരി . മണിപ്പൂരിലെ മോറെയെ മ്യാന്‍മര്‍ വഴി തായ്ലന്‍ഡിലെ മേ സോട്ടുമായി ബന്ധിപ്പിക്കുന്ന ഹൈവേയാണിത്. ഇന്ത്യ-തായ്ലന്‍ഡ്-മ്യാന്‍മര്‍ ഹൈവേയ്ക്ക് 1,400 കിലോമീറ്റര്‍ ദൈര്‍ഘ്യമാണുളളത്.അത് തെക്കുകിഴക്കന്‍ ഏഷ്യന്‍ രാജ്യങ്ങളെ കരമാര്‍ഗം നേരിട്ട് ബന്ധിപ്പിക്കുകയും വ്യാപാരം, ആരോഗ്യം, വിദ്യാഭ്യാസം, ടൂറിസം എന്നീ മേഖലകളില്‍ രാജ്യങ്ങള്‍ തമ്മിലുളള സഹകരണം ഉറപ്പാക്കുകയും ചെയ്യും. എന്നാല്‍ ഹൈവേ എന്ന് ഗതാഗതത്തിന് തുറന്നു കൊടുക്കുമെന്നത് സംബന്ധിച്ച് നിതിന്‍ ഗഡ്കരി വെളിപ്പെടുത്തിയില്ല. നേരത്തെ, 2019 ഡിസംബറോടെ ഹൈവേ പ്രവര്‍ത്തനക്ഷമമാക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിട്ടിരുന്നത്.

2016 ഓഗസ്റ്റില്‍ മ്യാന്‍മര്‍ പ്രസിഡന്റ് യു. ഹ്റ്റിന്‍ ക്യാവിന്റെ ഇന്ത്യാ സന്ദര്‍ശന വേളയില്‍ ഹൈവേ സംബന്ധിച്ച് ധാരണാപത്രം ഒപ്പുവച്ചിരുന്നു. ധാരണപ്രകാരം തമു-കിഗോണ്‍-കലേവ സെക്ഷനിലെ (149.70 കിലോമീറ്റര്‍) അപ്രോച്ച് റോഡുകള്‍ ഉള്‍പ്പെടെ 69 പാലങ്ങളുടെ നിര്‍മ്മാണത്തിന് ഇന്ത്യ ധനസഹായം നല്‍കും. ഇതിന് പുറമെ രണ്ടാം ലോകമഹായുദ്ധസമയത്ത് നിര്‍മ്മിച്ച മ്യാന്‍മറിലെ ഈ പാതയിയിലുളള 73 പാലങ്ങളുടെ നവീകരണത്തിനും ഇന്ത്യ ധനസഹായം നല്‍കി.

Exit mobile version