സംസ്ഥാനത്ത് മഴ കനത്തിട്ടും അണക്കെട്ടുകളിൽ ജലനിരപ്പ് അപകടനിലയ്ക്കു മുകളിൽ പോയില്ല. മുൻകരുതലെന്നോണം ഏഴ് അണക്കെട്ടുകളുടെ ഷട്ടർ ഭാഗികമായി തുറന്ന് വെള്ളം പുറന്തള്ളുന്നുണ്ട്. ഇടുക്കി മലങ്കര അണക്കെട്ടിന്റെ നാല് ഷട്ടർ 30 സെന്റീമീറ്റർ വീതവും കുറ്റ്യാടി അണക്കെട്ടിന്റെ നാല് ഷട്ടർ അഞ്ച് സെന്റീ മീറ്റർ വീതവും കാരാപ്പുഴയിൽ മൂന്ന് ഷട്ടറും 10 സെന്റീ മീറ്റർ വീതവും മണിയാറിൽ ഒരു ഷട്ടർ 10 സെന്റീ മീറ്ററും ഭൂതത്താൻകെട്ടിൽ 10 ഷട്ടർ 50 സെന്റീ മീറ്റർ വീതവും ഒരെണ്ണം 100 സെന്റീ മീറ്ററും മൂലത്തറയിൽ ഒരു ഷട്ടർ 30 സെന്റീ മീറ്ററും പഴശ്ശിയിൽ 14 ഷട്ടർ അഞ്ച് സെന്റീ മീറ്റർ വീതവും ഉയർത്തിയിട്ടുണ്ട്. ജലവിഭവവകുപ്പിനു കീഴിലുള്ള 13 അണക്കെട്ടിൽ മഞ്ഞ അലെർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇവിടങ്ങളിൽ മുൻകരുതലിന്റെ ഭാഗമായി ആവശ്യാനുസരണം ഷട്ടറുകൾ തുറക്കും. കെഎസ്‌ഇബിക്കു കീഴിലെ അണക്കെട്ടുകളിൽ ജാഗ്രതാനിർദേശങ്ങളില്ല.
ഇടുക്കി പദ്ധതി പ്രദേശങ്ങളിൽ കാലവർഷം കനത്തതോടെ ജലനിരപ്പിൽ നേരിയ വർധന. കഴിഞ്ഞദിവസം 62.6 മി. മീറ്റർ മഴ പെയ്‌തതിനാൽ ജലനിരപ്പ് ശേഷിയുടെ 15.22 ശതമാനമായി. തിങ്കളാഴ്‌ചയിത് 14.44 ശതമാനമായിരുന്നു. സംഭരണിയിലിപ്പോൾ 2307.84 അടി ജലമുണ്ട്. കഴിഞ്ഞവർഷത്തേക്കാൾ 36.2 അടി കുറവാണിത്. വൃഷ്ടിപ്രദേശങ്ങളിൽ മഴ ആരംഭിച്ചതോടെ മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പിലും നേരിയ വർധന. ചൊവ്വ രാവിലെ ആറിന് ജലനിരപ്പ് 114.95 അടി എത്തി. തിങ്കൾ 114.85 അടി ആയിരുന്നു. കഴിഞ്ഞവർഷം ഇതേദിവസം 128.10 അടിയായിരുന്നു.
Discussion about this post