വയനാട് മാനന്തവാടി ചോയിമൂലയിലെ 24 കാരി മിന്നു മണി ഇന്ത്യയുടെ ട്വന്റി 20 ക്രിക്കറ്റ് ടീമിൽ ഇടംനേടിയെന്ന വാർത്ത നാടിനുമാത്രമല്ല, കേരളത്തിനാകെ അഭിമാനമാകുന്നു. ഇതോടെ, ഇന്ത്യൻ സീനിയർ ടീമിലെത്തുന്ന ആദ്യ മലയാളി വനിതാ താരവുമായി മിന്നു മണി. പ്ലാസ്റ്റിക് പന്തിൽ പാടത്ത് ക്രിക്കറ്റ് കളിച്ചുതുടങ്ങിയ പെൺകുട്ടി. പല എതിർപ്പുകളെയും പല പ്രതിസന്ധികളെയും മറികടന്ന് അവൾ ക്രിക്കറ്റിന്റെ ക്രീസിൽ വളർന്നു.
മലയാളത്തിന്റെ മണ്ണിൽ നിന്ന് ഇന്ത്യൻ ദേശീയ ടീമിൽ ആദ്യമായി ഇടംപിടിച്ച പെൺകുട്ടിയെന്ന ചരിത്രം കുറിച്ച ദിവസം മിന്നുവിനും മിന്നുവിന്റെ മൊബൈൽ ഫോണിനും വിശ്രമമുണ്ടായിരുന്നില്ല. ഫോണിലും നേരിട്ടും സമൂഹമാധ്യമങ്ങളിലുമായി അഭിനന്ദനമറിയിച്ചവരിൽ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി ഉൾപ്പെടെ ഒട്ടേറെപ്പേർ. ഞായറാഴ്ച രാത്രി ബിസിസിഐ വെബ്‌സൈറ്റിൽ ടീം ലിസ്റ്റ് പ്രസിദ്ധീകരിച്ചപ്പോഴാണ് സെലക്ഷൻ കിട്ടിയ കാര്യം മിന്നു അറിയുന്നത്. അപ്പോൾത്തന്നെ ക്യാംപിൽ ആഘോഷങ്ങൾ തുടങ്ങിയിരുന്നു. ജീവിതത്തിലെ ഏറ്റവും വലിയ സ്വപ്നങ്ങളിലൊന്ന് സാക്ഷാത്കരിക്കപ്പെട്ടെങ്കിലും അത്യാഹ്ലാദമൊന്നുമില്ല മിന്നുവിന്. ഒണ്ടയങ്ങാടിയിലെ കൊയ്‌ത്തൊഴിഞ്ഞ പാടത്ത് ആൺകുട്ടികൾക്കൊപ്പം ക്രിക്കറ്റ് കളിച്ച അതേ മിന്നുവാണു ഭാവമാറ്റമൊന്നുമില്ലാതെ ബംഗ്ലദേശിലേക്കും വിമാനം കയറുക. വളരെയധികം സന്തോഷം തോന്നുന്നു, ഇത് എന്റെമാത്രം നേട്ടമല്ല. എന്റെ നേട്ടത്തിനുപിന്നിൽ ഒത്തിരി ആളുകളുടെ പരിശ്രമമുണ്ടെന്നും മിന്നു മണി പറഞ്ഞു.
മഹേന്ദ്രസിങ് ധോനിയെ കാണാനായിമാത്രം ക്രിക്കറ്റ് കണ്ടിരുന്ന കാലമുണ്ടായിരുന്നു മിന്നു മണിക്ക് . പിന്നീട് ക്രിക്കറ്റ് ജീവിത ചര്യയായപ്പോൾ എല്ലാ താരങ്ങളേയും സൂക്ഷ്മമായ നിരീക്ഷിച്ചു തുടങ്ങി. മത്സരത്തിനിടയിലെ സമ്മർദങ്ങളെ പ്രശസ്ത താരങ്ങൾ കൈകാര്യം ചെയ്യുന്ന രീതികളൊക്കെ കണ്ടുമനസ്സിലാക്കും. അത് ഗുണംചെയ്തിട്ടുണ്ട്. കൊയ്ത്തുകഴിഞ്ഞ പാടത്ത് ക്രിക്കറ്റ് ബാറ്റുമായി ആൺകുട്ടികൾക്കൊപ്പം കളിക്കാനിറങ്ങിയ പെൺകുട്ടിയെ പ്രോത്സാഹിപ്പിക്കാൻ അന്ന് ആരും ഉണ്ടായിരുന്നില്ല. നിരുത്സാഹപ്പെടുത്താൻ ഒരുപാട് പേര് ഉണ്ടായിരുന്നു താനും.എന്നാൽ ആ പെൺകുട്ടി തന്റെ ലക്ഷ്യത്തിലേക്ക് ധീരതയോടെ ബാറ്റേന്തി. ആ ആത്മധൈര്യത്തിലാണ് കേരളത്തിൽനിന്ന് ഇന്ത്യൻ സീനിയർ ക്രിക്കറ്റ് ടീമിൽ അവസരം കിട്ടുന്ന ആദ്യ വനിതയെന്ന അംഗീകാരവുമായി ചരിത്രത്തിലേക്ക് വയനാട് സ്വദേശി ആദിവാസി കുറിച്യ സമുദായക്കാരിയായ മിന്നു മണി ഓടിക്കയറിയത് .
വയനാട് മാനന്തവാടി അമ്പൂത്തി എടപെടി ചോയിമൂലയിൽ കൈപ്പാട്ട് മാവുംകണ്ടി വീട്ടിലെ മണിയുടെ മൂത്ത മകളായ മിന്നു മാനന്തവാടി ഗവ. എച്ച്.എസ്.എസിലാണ് എട്ടാം ക്ലാസുവരെ പഠിച്ചത്. സ്‌കൂളിലെ കായിക അധ്യാപിക എൽസമ്മ മിന്നു മണിയിലെ ക്രിക്കറ്ററെ തിരിച്ചറിഞ്ഞു. തുടർന്ന് അവരുടെ ശ്രമഫലമായി കേരള ക്രിക്കറ്റ് അസോസിയേഷൻ അക്കാദമി മൈതാനത്ത് മിന്നു മണിയെ എത്തിച്ചു. പെൺകുട്ടി ക്രിക്കറ്റ് കളിക്കുന്നത് എതിർത്തിരുന്ന നാട്ടുകാരും വീട്ടുകാരും അതോടെയാണ് മിന്നുവെന്ന ക്രിക്കറ്ററെ അംഗീകരിക്കാനും പ്രോത്സാഹിപ്പിക്കാനും തുടങ്ങിയത്.
പിന്നീടുള്ള രണ്ടു വർഷത്തെ പഠനം തൊടുപുഴ സെന്റ് സെബാസ്റ്റ്യൻ ഹൈസ്‌കൂളിലായിരുന്നു. തുടർന്ന് വയനാട് ക്രിക്കറ്റ് അക്കാദമിയിലേക്ക് മാറി. സുൽത്താൻ ബത്തേരി സർവജന ഹയർസെക്കൻഡറി സ്‌കൂളിൽ പ്ലസ് ടുവും തിരുവനന്തപുരം വിമൻസ് കോളജിൽനിന്നു ഡിഗ്രിയും പൂർത്തിയായി. ഇടംകൈ ബാറ്ററും ഓഫ് സ്പിന്നറുമായ മിന്നു 16ാം വയസ്സിൽ കേരള ക്രിക്കറ്റ് ടീമിലെത്തി. 10 വർഷമായി കേരള ടീമിൽ സ്ഥിരാംഗമാണ്. 2019ൽ ബംഗ്ലാദേശിൽ പര്യടനം നടത്തിയ ഇന്ത്യൻ എ ടീമിലുണ്ടായിരുന്നു.
ഏഷ്യാകപ്പ് ജൂനിയർ ചാമ്പ്യൻഷിപ്പിലും ചാലഞ്ചർ ട്രോഫിയിലും വനിത പ്രീമിയർ ലീഗിലും കളിച്ചിട്ടുണ്ട്. വനിത പ്രീമിയർ ലീഗിൽ ഇറങ്ങുന്ന ആദ്യ മലയാളി വനിതയെന്ന നേട്ടവും മിന്നു സ്വന്തമാക്കി. ഡൽഹി ക്യാപിറ്റൽസ് താരമായി മുംബൈ ഇന്ത്യൻസിനെതിരെയായിരുന്നു ഐപിഎൽ അരങ്ങേറ്റം. ഇനി ഇന്ത്യയുടെ നീലക്കുപ്പായത്തിൽ ഒരുപാടുകാലം മിന്നിത്തിളങ്ങാൻ മിന്നു മണിക്ക് കഴിയട്ടെയെന്ന് ആശംസിക്കുന്നു.
Summary: Minnu Mani – Indian cricket player profile.