പരിസ്ഥിതി നിയമലംഘനത്തിന് ബ്രസീലിയൻ ഫുട്ബോൾ താരം നെയ്മറിന് പിഴ. 3.3 മില്യൺ ഡോളർ ആണ് നെയ്മറിന് പിഴ ചുമത്തിയിരിക്കുന്നത്. ഇത് ഏകദേശം 27 കോടി രൂപയോളം വരും. തെക്ക് കിഴക്കൻ ബ്രസീലിൻ്റെ തീരദേശത്തെ ആഡംബര വീടിൻ്റെ നിർമ്മാണത്തിനാണ് നെയ്മർ പരിസ്ഥിതി നിയമങ്ങൾ ലംഘിച്ചത്. തെക്ക് കിഴക്കൻ ബ്രസിലീലെ റിയോ ഡി സെനേരോയിൽ മംഗരാതിബയിലാണ് നെയ്മറിൻ്റെ വീട്.
കഴിഞ്ഞ മാസമാണ് ഇതിനെ സംബന്ധിച്ച് നെയ്മറിനെതിരെ ആരോപണങ്ങൾ ഉയർന്നത്. ശുദ്ധജലത്തിൻ്റെ സ്വാഭാവിക നീരൊഴുക്ക് തടഞ്ഞതും അനുമതിയില്ലാതെ മണ്ണ് നീക്കം ചെയ്തതും അടക്കമുള്ള കുറ്റങ്ങൾ കണ്ടെത്തിയാതായാണ് റിപ്പോർട്ടുകൾ പുറത്തുവരുന്നത്. ഇന്നലെ ആരോപണങ്ങൾ തെളിയിക്കപ്പെട്ടതോടെ പിഴ വിധിക്കുകയായിരുന്നു.
ഇന്നലെ മംഗരാതിബയിലെ പരിസ്ഥിതി അധികൃതർ നെയ്മറിൻ്റെ ഭവനത്തിൽ നിർമ്മിച്ച കൃത്രിമ തടാകത്തിൽ പരിസ്ഥിതി നിയമങ്ങളുടെ ലംഘനം നടന്നുവെന്ന് കണ്ടെത്തിയിരുന്നു. പിഴക്ക് പുറമെ പരിസ്ഥിതി സ്ഥാപനങ്ങളുടെ മേൽനോട്ടത്തിൽ സംഭവത്തിൽ കൂടുതൽ അന്വേഷണവും നടക്കും. വിഷയത്തിൽ നെയ്മറിനോട് അടുത്ത വൃത്തങ്ങൾ പ്രതികരിക്കാൻ വിസമ്മതിച്ചു.
Summary: Neymar fined $3.3 million for environmental violations.