തിരുവനന്തപുരം: കേരളത്തില്‍ ഇന്നും അതിതീവ്ര മഴ തുടരും. ഇടുക്കി, കണ്ണൂര്‍ ജില്ലകളില്‍ ഇന്ന് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. ഒറ്റപ്പെട്ടയിടങ്ങളില്‍ അതിതീവ്രമായ മഴക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കാസര്‍ക്കോട് ജില്ലകളിലാണ് ഇന്ന് ഓറഞ്ച് അലേര്‍ട്ടുള്ളത്.
സംസ്ഥാനത്ത് വ്യാഴാഴ്ച വരെ കനത്ത മഴ തുടരുമെന്നാണ് പ്രവചിച്ചിരിക്കുന്നത്. എല്ലാ ജില്ലകളിലും കണ്‍ട്രോള്‍ റൂമുകള്‍ തുറന്നിട്ടുണ്ട്. അതിശക്തമായ മഴ പെയ്യുന്നതിനാല്‍ മണ്ണിടിച്ചിലിനും മലവെള്ളപ്പാച്ചിലിനും സാധ്യതയുണ്ട്. പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണം. ഉയര്‍ന്ന തിരമാലയും കടലാക്രമണവും ഉണ്ടാകുമെന്നു ദേശീയ സമുദ്ര സ്ഥിതി പഠന ഗവേഷണ കേന്ദ്രം മുന്നറിയിപ്പു നല്‍കി.
കേരള, കര്‍ണാടക, ലക്ഷദ്വീപ് തീരങ്ങളില്‍ നിന്നു മീന്‍പിടിത്തത്തിനു പോകാന്‍ പാടില്ല.പത്തനംതിട്ട മണിയാര്‍ അണക്കെട്ടിന്റെ രണ്ടു ഷട്ടറുകള്‍ 10 സെ.മീ വീതം ഉയര്‍ത്തി. പത്തനംതിട്ട കലക്ടറേറ്റിലും താലൂക്ക് ഓഫിസുകളിലും പ്രത്യേക കണ്‍ട്രോണ്‍ റൂം തുറന്നു. ജില്ലാ എമര്‍ജന്‍സി ഓപ്പറേഷന്‍സ് സെന്റര്‍: 04682322515, 8078808915, ടോള്‍ഫ്രീ നമ്പര്‍: 1077.
അരയാഞ്ഞിലിമണ്‍, കുറുമ്പന്‍മൂഴി കോസ്വേകള്‍ മുങ്ങി.ആലപ്പുഴ ഹരിപ്പാടും കരുവാറ്റയിലും ദേശീയപാത നിര്‍മാണം നടക്കുന്ന ഇടങ്ങളില്‍ വെള്ളപ്പൊക്കമുണ്ടായി. ചേര്‍ത്തല നഗരത്തിന്റെ പലയിടങ്ങളിലും വെള്ളക്കെട്ട് രൂപപ്പെട്ടിട്ടുണ്ട്. തിരുവനന്തപുരം മുതലപ്പൊഴിയില്‍ ശക്തമായ തിരയില്‍ വള്ളം മറിഞ്ഞു. മൂന്നു തൊഴിലാളികള്‍ നീന്തി രക്ഷപ്പെട്ടു.
കനത്ത മഴയെ തുടര്‍ന്ന് എറണാകുളം, ആലപ്പുഴ ജില്ലയിലെ പ്രഫഷനല്‍ കോളജുകള്‍ ഉള്‍പ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും കലക്ടര്‍ ഇന്ന് അവധി പ്രഖ്യാപിച്ചു. കേന്ദ്രീയ വിദ്യാലയങ്ങള്‍, സ്റ്റേറ്റ് – സിബിഎസ്ഇ – ഐസിഎസ്ഇ സ്‌കൂളുകള്‍, അങ്കണവാടികള്‍ ഉള്‍പ്പെടെ എല്ലാ സ്ഥാപനങ്ങള്‍ക്കും അവധി ബാധകമാണ്. മുന്‍ നിശ്ചയിച്ച പ്രകാരമുള്ള പിഎസ്സി, യൂണിവേഴ്‌സിറ്റി പരീക്ഷകള്‍ക്കു മാറ്റമില്ല. കാസര്‍കോട് കോളജുകള്‍ ഒഴികെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും കലക്ടര്‍ ഇന്ന് അവധി പ്രഖ്യാപിച്ചു.
Discussion about this post