കേരളത്തിൽ അതിതീവ്ര മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഇടുക്കി, കണ്ണൂർ ജില്ലകളിൽ ഇന്ന് റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. പത്ത് ജില്ലകളിൽ ഓറഞ്ച് അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.
കനത്ത മഴയെ തുടർന്ന് സംസ്ഥാനത്തെ മൂന്ന് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി പ്രഖ്യാപിചിരിക്കുകയാണ്. എറണാകുളം, കാസർകോട്, ആലപ്പുഴ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്. സംസ്ഥാനത്ത് ഉടനീളം വ്യാഴാഴ്ച വരെ കനത്ത മഴ തുടരുമെന്നാണ് പ്രവചനം. അഞ്ച് ദിവസം അതിശക്തമായ മഴ പ്രവചിച്ചതിനാൽ എല്ലാ ജില്ലകളിലും കൺട്രോൾ റൂമുകൾ തുറന്നിട്ടുണ്ട്.
പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കാസർക്കോട് ജില്ലകളിലാണ് ഇന്ന് ഓറഞ്ച് അലർട്ടുള്ളത്. അതിശക്തമായ മഴ ലഭിക്കുന്ന സാഹചര്യത്തിൽ മണ്ണിടിച്ചിലും മലവെള്ളപ്പാച്ചിലും ഉണ്ടാവാനുള്ള സാധ്യതയുള്ളതിനാൽ ജനങ്ങൾ ജാഗ്രത പാലിക്കണം എന്ന നിർദ്ദേശമുണ്ട്.
ഒറ്റപ്പെട്ടയിടങ്ങളിൽ അതിതീവ്രമായ മഴക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറിൽ 204.4 എംഎംൽ കൂടുതൽ മഴ ലഭിക്കുമെന്നാണ് അതിതീവ്രമായ മഴ എന്നത് കൊണ്ട് കാലാവസ്ഥാ വകുപ്പ് ഉദ്ദേശിക്കുന്നത്.
Summary: Heavy rain: Red alert in Idukki and Kannur districts today.