ഫ്രാൻസിൽ അൾജീരിയൻ-മൊറോക്കൻ വംശജനായ നയെലി(17)നെ പോലീസ് വെടിവച്ചു കൊന്ന സംഭവത്തിന്റെ പേരിൽ തുടങ്ങിയ കലാപം നാലു ദിവസം പിന്നിടുന്നു. ഇതൊനോടകം 1311 കലാപകാരികളെ അറസ്റ്റ് ചെയ്തതായി ഫ്രാൻസ് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. നിരവധി പ്രക്ഷോഭകാരികൾ ഇപ്പോഴും തെരുവുകളിൽ പ്രതിഷേധം തുടരുകയാണ്. 200 പോലീസു കാർക്കു സംഭവത്തിൽ പരുക്കേറ്റിട്ടുണ്ട്.
കൂടുതൽ പോലീസുകാരെ നിയോഗിച്ചെങ്കിലും കലാപം കൂടുതലിടങ്ങളിലേക്കു വ്യാപിച്ചു. കനത്ത സുരക്ഷ ഏർപ്പെടുത്തിയിട്ടും ലിയോൺ, മാർസെയിൽ, ഗ്രെനോബിൾ നഗരങ്ങളിൽ കൊള്ളയും കലാപവും ഉണ്ടായി. കണ്ണീർ വാതകം പ്രയോഗിച്ചാണ് പോലീസ് അക്രമികളെ ഓടിച്ചത്. വെടിവെയ്പ്പിൽ മരിച്ച നയേലിന്റെ മുത്തശ്ശി പ്രക്ഷോഭകാരികളോട് അക്രമം അവസാനിപ്പിക്കാൻ ആഹ്വാനം ചെയ്‌തെങ്കിലും ഫലമുണ്ടായില്ല.
തുറമുഖ നഗരമായ മാർസെയിൽ വെടിയുതിർത്തെത്തിയ കലാപകാരികൾ ഭീതി വിതച്ചു. ഇവിടെ കൂടുതൽ സൈനികരെ വിന്യസിക്കണമെന്നു മേയർ ബെനോയിറ്റ് പയാൻ ആവശ്യപ്പെട്ടു. ഫ്രഞ്ച് ഗയാനയിൽ കലാപകാരികൾ നടത്തിയ വെടിവയ്പിൽ 54 വയസുകാരൻ
കൊല്ലപ്പെട്ടു . ഇന്ത്യൻ മഹാസമുദ്ര ത്തിലെ ചെറു ദ്വീപായ റീയൂണിയനിൽ പ്രതിഷേധക്കാർ കാറുകൾക്കും കെട്ടിടങ്ങൾക്കും നേരേ ആക്രമണം നടത്തി.
പ്രതിഷേധത്തിനിടെ ചില അക്രമികൾ ഫ്രാൻസിലെ ലെയ്‌ലെറോസിലെ മേയർ വിൻസെന്റ് ജീൻബർണിന്റെ വീടിന് തീയിടാൻ ശ്രമിച്ചു. തീയിട്ട കാർ മേയറുടെ വീടിനെ നേരെ തള്ളിവിട്ടായിരുന്നു ആക്രമണശ്രമം. കൂടെ പടക്കങ്ങളും വീടിന് നേരെ എറിഞ്ഞു. ആക്രമണം നടക്കുമ്പോൾ മേയർ ഓഫീസിലായിരുന്നു. വീട്ടിലുണ്ടായിരുന്ന ഭാര്യയും മക്കളും പിൻവാതിൽ വഴി ചെറിയ പരിക്കുകളോടെ ഓടിരക്ഷപ്പെട്ടു.
Summary: Riots continue in France.