ബെംഗളൂരുവില്‍ ചേരാനിരുന്ന വിശാല പ്രതിപക്ഷ യോഗം മാറ്റിവച്ചു

ഡല്‍ഹി: ജൂലൈ 13,14 തീയതികളില്‍ ബെംഗളൂരുവില്‍ ചേരാനിരുന്ന വിശാല പ്രതിപക്ഷ യോഗം മാറ്റിവച്ചു. എന്‍സിപി പിളര്‍പ്പിനെ തുടര്‍ന്നാണ് തീരുമാനമെന്നാണ് സൂചന. എന്നാല്‍ കര്‍ണ്ണാടക, ബിഹാര്‍ നേതാക്കളുടെ അസൗകര്യത്തെ തുടര്‍ന്നാണെന്ന് ജെഡിയു വക്താവ് കെ.സി ത്യാഗി പ്രതികരിച്ചു. കോണ്‍ഗ്രസ് നേതാക്കളായ സോണിയ ഗാന്ധി, മല്ലികാര്‍ജുന്‍ ഖര്‍ഗെ, രാഹുല്‍ ഗാന്ധി എന്നിവര്‍ ശരദ് പവാറുമായി സംസാരിച്ചുവെന്നാണ് വിവരം.

മമത ബാനര്‍ജിയും പവാറിന് പിന്തുണയറിയിച്ചു.2024 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബിജെപിയ്ക്കും നരേന്ദ്ര മോദിക്കുമെതിരെ ഒന്നിച്ച് പോരാടാനുളള പ്രതിപക്ഷ സഖ്യ തീരുമാനം ചരിത്ര നീക്കമെന്നായിരുന്നു വിലയിരുത്തിയിരുന്നത്. ബിജെപിയെ അധികാരത്തില്‍ നിന്നും മാറ്റാന്‍ ഒന്നിച്ച് നില്‍ക്കാന്‍ പാറ്റ്‌നയില്‍ നടന്ന യോഗത്തിലാണ് പ്രതിപക്ഷ പാര്‍ട്ടികള്‍ തീരുമാനിച്ചത്. അഭിപ്രായ വ്യത്യാസങ്ങള്‍ മാറ്റിവെച്ച് പാര്‍ട്ടികള്‍ ഒന്നിച്ച് പോരാടാനുള്ള നീക്കത്തിന് മമത ബാനര്‍ജി, സോണിയാ ഗാന്ധി, നിതീഷ് കുമാര്‍, ശരദ് പവാര്‍ അടക്കമുള്ള നേതാക്കള്‍ പച്ചക്കൊടി നല്‍കിയതോടെ അടുത്ത മീറ്റിംഗ് ബംഗ്ലൂരുവില്‍ നടത്താന്‍ തീരുമാനിക്കുകയായിരുന്നു.

Exit mobile version