ഓഹരി വില സൂചികകൾ നേട്ടം തുടരുന്നു. റെക്കോർഡ് ക്ലോസിംഗിലെത്തിയ സെൻസെക്സ് 486.49 പോയിന്റ് നേട്ടത്തിൽ 65,205.05 ൽ വ്യാപാരം അവസാനിപ്പിച്ചു. നിഫ്റ്റി 133.50 പോയിന്റ് ഉയർന്ന് 19,322.50 ലാണ് ക്ലോസ് ചെയ്തത്. 1910 ഓഹരികൾ ആണ് നേട്ടത്തിൽ അവസാനിച്ചത്. 1688 ഓഹരികൾ താഴേക്കും 138 ഓഹരികൾ മാറ്റം ഇല്ലാതെയും തുടരുന്നു.
ഗ്രാസിം ഇൻഡസ്ട്രീസ്, ഐടിസി, ബിപിസിഎൽ, റിലയൻസ് ഇൻഡസ്ട്രീസ്, ബജാജ് ഫിനാൻസ് എന്നിവ നിഫ്റ്റിയിൽ നേട്ടമുണ്ടാക്കി. സെൻസെക്സിൽ എച്ച്ഡിഎഫ്സി, എച്ച്ഡിഎഫ്സി ബാങ്ക്, മഹീന്ദ്ര ആൻഡ് മഹീന്ദ്ര, അൾട്രാടെക് സിമന്റ്, ടാറ്റ സ്റ്റീൽ, ബജാജ് ഫിനാൻസ്, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, റിലയൻസ് ഇൻഡസ്ട്രീസ്, ബജാജ് ഫിൻസെർവ്, ഐസിഐസിഐ ബാങ്ക് എന്നിവയാണ് നേട്ടമുണ്ടാക്കിയത്.
പുതിയ റെക്കോർഡ് നേട്ടത്തിലാണ് ഇന്ന് വിപണി ആരംഭിച്ചത്. നേട്ടം തുടർന്ന് 65,300.35 പോയിന്റിലെത്തിയ സെൻസെക്സ് സർവകാല റെക്കോർഡ് കുറിച്ചു. നിഫ്റ്റി വ്യാപാരത്തിനിടെ 19345.10 ലെത്തി പുതിയ ഉയരം കുറിച്ചു. സെൻസെക്സ് 65000 ത്തിന് മുകളിലെത്തുന്നത് ഇതാദ്യമായാണ്.
വിദേശ സ്ഥാപക നിക്ഷേപകർ ജൂണിൽ 47,148 കോടി രൂപയാണ് ഇന്ത്യൻ വിപണിയിൽ പമ്പ് ചെയ്തത്. നിലവിൽ ഇന്ത്യൻ വിപണിയുടെ റാലിയുടെ പ്രധാന കാരണങ്ങളിലൊന്നിതാണ്. വിദേശ നിക്ഷേപകരുടെ ‘സെൽ ചൈന, ബൈ ഇന്ത്യ’ തന്ത്രമാണ് കുതിച്ചുചാട്ടത്തിന് കാരണമായത്. യുഎസ് ഉൾപ്പെടെയുള്ള വികസിത രാജ്യങ്ങളിലും രൂപപ്പെട്ട ചൈന വിരുദ്ധ മനോഭാവം ഇതിനെ വളരെയധികം സ്വാധീനിക്കുന്നുണ്ടെന്ന് ജിയോജിത് ഫിനാൻഷ്യൽ സർവീസസിലെ ചീഫ് ഇൻവെസ്റ്റ്മെന്റ് സ്ട്രാറ്റജിസ്റ്റ് വി.കെ. വിജയകുമാർ പറഞ്ഞു. വിദേശ സ്ഥാപന നിക്ഷേപകർ വെള്ളിയാഴ്ച മാത്രം 6,397.13 കോടി രൂപയുടെ ഓഹരികൾ വാങ്ങി.
Summary: Sensex – Nifty rally continues.
Discussion about this post