ന്യൂഡല്‍ഹി: പാര്‍ലമെന്റിന്റെ മഴക്കാല സമ്മേളനം ജൂലൈ 20 മുതല്‍ ഓഗസ്റ്റ് 11 വരെ നടത്തുമെന്ന് പാര്‍ലമെന്ററി കാര്യ മന്ത്രി പ്രഹ്ലാദ് ജോഷി. പഴയ പാര്‍ലമെന്റ് കെട്ടിടത്തിലാണ് സമ്മേളനം തുടങ്ങുക. സമ്മേളനം പകുതിയാകുമ്പോള്‍ പുതിയ കെട്ടിടത്തിലേക്കു മാറ്റും. അതായത്, പഴയ പാര്‍ലമെന്റ് കെട്ടിടത്തില്‍ സമ്മേളനം ആരംഭിച്ച് പുതിയതില്‍ അവസാനിക്കുന്ന രീതിയിലാണ് പദ്ധതിയിട്ടിരിക്കുന്നതെന്ന് ബന്ധപ്പെട്ട വൃത്തങ്ങളെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സിയായ പിടിഐ റിപ്പോര്‍ട്ട് ചെയ്തു.
പുതിയ പാര്‍ലമെന്റ് മന്ദിരം മേയ് 28നാണ് ഉദ്ഘാടനം ചെയ്തത്. 23 ദിവസങ്ങളിലായി നടക്കുന്ന സമ്മേളനത്തില്‍ 17 സിറ്റിങ്ങുണ്ടാകും. അടുത്ത വര്‍ഷം ലോക്‌സഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ അത് മുന്‍നിര്‍ത്തിയുള്ള നിയമനിര്‍മാണങ്ങളും മറ്റും നടത്താന്‍ കേന്ദ്രസര്‍ക്കാര്‍ തയാറായേക്കുമെന്നാണ് റിപ്പോര്‍ട്ട്. ഏക സിവില്‍ കോഡിനായി പ്രധാനമന്ത്രി നരേന്ദ്രമോദി മുന്നോട്ടു വരുന്നതിനിടെയാണ് പാര്‍ലമെന്റ് സമ്മേളനവും നടക്കുന്നത്.
Discussion about this post