ഇംഫാൽ: മണിപ്പുറിൽ കലാപത്തിന് പിന്നിൽ രാജ്യത്തിന് പുറത്തുള്ള ശക്തികളാകാം എന്ന് മുഖ്യമന്ത്രി ബീരേൻ സിങ്. കലാപം അടിച്ചമർത്താൻ കഴിയാത്തതിന്റെ പേരിൽ മുഖ്യമന്ത്രി രാജിവെക്കണമെന്ന ആവശ്യം പ്രതിപക്ഷ പാർട്ടികൾ ഉന്നയിക്കുന്നതിനിടെയാണ് ബീരേൻ സിങിന്റെ പരാമർശം.
മ്യാന്മറുമായി മണിപ്പുർ അതിർത്തി പങ്കിടുന്നുണ്ട്. ചൈനയും സമീപത്തുണ്ട്. അതിനാൽ സംഭവങ്ങൾക്ക് പിന്നിൽ രാജ്യത്തിന് പുറത്തുള്ള ശക്തികളുടെ പങ്ക് തള്ളിക്കളയാനോ സ്ഥിരീകരിക്കാനോ കഴിയാത്ത സാഹചര്യമാണെന്നും അദ്ദേഹം പറഞ്ഞു. അക്രമ സംഭവങ്ങൾ ആസൂത്രിതമാണെന്നാണ് തോന്നുന്നതെന്നും എന്നാൽ അതിന് പിന്നിലെ കാരണം എന്താണെന്ന് വ്യക്തമല്ലെന്നും ബീരേൻ സിങ് പറഞ്ഞു.
മുഖ്യമന്ത്രി സ്ഥാനത്തുനിന്ന് രാജിവെക്കാൻ കഴിഞ്ഞ ദിവസം അദ്ദേഹം നടത്തിയ നീക്കം നാടകമാണെന്ന വിമർശനം ഉയർന്നിരുന്നു. ഇതിന് പിന്നാലെയാണ് കലാപത്തിന് പിന്നിൽ അന്താരാഷ്ട്ര ഗൂഢാലോചന ഉണ്ടാകാമെന്നും, ചൈനയോ മ്യാന്മറോ ആകാം അതിന് പിന്നിലെന്നും സംശയമുന്നയിച്ച് ബീരേൻ സിങ് രംഗത്തെത്തിയിട്ടുള്ളത്.