കേരളത്തിന്റെ തലസ്ഥാനം കൊച്ചിയിലേക്കു മാറ്റണമെന്ന ആവശ്യം കോണ്‍ഗ്രസിനില്ല; അസംതൃപ്തി അറിയിച്ച് വി.ഡി. സതീശന്‍

തിരുവനന്തപുരം: കേരളത്തിന്റെ തലസ്ഥാനം കൊച്ചിയിലേക്കു മാറ്റണമെന്ന ആവശ്യം കോണ്‍ഗ്രസിനില്ലെന്നു പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. പാര്‍ട്ടിയോട് ആലോചിക്കാതെ പാര്‍ലമെന്റില്‍ സ്വകാര്യ ബില്‍ അവതരിപ്പിച്ചതില്‍ ഹൈബിയെ അസംതൃപ്തി അറിയിച്ചിട്ടുണ്ട്.

ഹൈബിയുടേത് കോണ്‍ഗ്രസ് നിലപാടല്ല. ഇനി ഹൈബി അതുമായി മുന്നോട്ടുപോകില്ല. ബില്‍ പിന്‍വലിക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട എല്ലാ ചര്‍ച്ചയും ഇവിടെ അവസാനിപ്പിക്കുന്നുവെന്നും സതീശന്‍ പറഞ്ഞു. പാര്‍ട്ടിയോട് ആലോചിക്കാതെ ഹൈബി ഈഡന്‍ തലസ്ഥാനം മാറ്റണമെന്ന സ്വകാര്യ ബില്‍ അവതരിപ്പിച്ചത് ശരിയായ നിലപാടല്ലെന്ന് കെ. മുരളീധരനും വ്യക്തമാക്കി. തലസ്ഥാനം തിരുവനന്തപുരത്തു നിന്ന് മാറ്റുന്ന പ്രശ്‌നമില്ല. ഹൈബി എന്തുകൊണ്ട് ഇങ്ങനെ നിലപാട് സ്വീകരിച്ചെന്ന് അറിയില്ലെന്നും കോണ്‍ഗ്രസിന് അങ്ങനെയൊരു നിലപാടില്ലെന്നും മുരളീധരന്‍ കൊച്ചിയില്‍ പറഞ്ഞു.

Exit mobile version