വിദ്യാർഥികൾ നിറം കൊടുത്ത വസ്ത്രം ധരിച്ച് അധ്യാപിക: സന്തോഷ നിമിഷം

കുട്ടികളുടെ ജീവിതത്തിൽ അധ്യാപകർ വഹിക്കുന്ന പങ്ക് ചെറുതല്ല. തന്റെ വിദ്യാർത്ഥികളെ ഏറ്റവും നല്ല വ്യക്തികളായി വളർത്താനും അവരിലെ മികച്ചത് കണ്ടെത്താനും അധ്യാപകർ എന്നെന്നും ശ്രമിക്കുന്നു. കുട്ടികളുമായി നല്ല ആത്മബന്ധം പുലർത്തുമ്പോളാണ് നല്ല അധ്യാപകർ ഉണ്ടാകുന്നത്. അത്തരത്തിലൊരു അധ്യാപികയുടെ സംഭവം ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്.

അമേരിക്കയിൽ നിന്നുള്ള ഒരു പ്രൈമറി സ്‌കൂൾ അധ്യാപിക തന്റെ വിദ്യാർത്ഥികളോട് തന്റെ വസ്ത്രത്തിന് നിറം കൊടുക്കാൻ ആവശ്യപ്പെടുകയും അവസാന ദിവസം അത് ധരിച്ച് അവരെ അത്ഭുതപ്പെടുത്തുകയും ചെയ്തു. ഹീതർ സ്റ്റാൻസ്ബെറിയാണ് മനോഹരമായ ഈ വീഡിയോ ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ചത്.

കിന്റർഗാർട്ടൻ വിദ്യാർത്ഥികൾ വരച്ച ഡ്രോയിംഗുകൾ കൊണ്ട് നിറഞ്ഞ വെള്ള വസ്ത്രം ധരിച്ചാണ് അവർ വീഡിയോയിൽ കാണപ്പെടുന്നത്. തന്റെ വെള്ള വസ്ത്രത്തിൽ നിറം നൽകാനും പെയിന്റ് ചെയ്യാനും തന്റെ വിദ്യാർത്ഥികളെ അനുവദിച്ചുവെന്നും സ്കൂളിലെ അധ്യാപികയെന്ന നിലയിൽ തന്റെ അവസാന ദിവസം അതേ വസ്ത്രം ധരിക്കാമെന്ന് വാഗ്ദാനം ചെയ്തതായും ഹീതർ പറഞ്ഞു.

ആഴ്ചകൾ മുൻപ് തന്റെ ഒന്നാം ക്ലാസ്സുകാരോടാണ് ഹീതർ തന്റെ വെള്ള വസ്ത്രത്തിൽ ചിത്രങ്ങൾ വരക്കാനും പെയിന്റ് ചെയ്യാനും ആവശ്യപെട്ടത്. കുട്ടികൾ വളരെ ആവേശത്തിൽ ആണ് അത് ചെയ്തതെന്നും ഹീതർ വീഡിയോയിൽ പറയുന്നുണ്ട്.

https://www.instagram.com/reel/Csou8niLJzm/?utm_source=ig_embed&ig_rid=816b0e47-135a-4171-bf8d-3fc4d77315df

ക്ലാസ്സ്മുറിയിലേക്ക് ആദ്യം ഒരു കോട്ട് ധരിച്ച രീതിയിലാണ് ഹീതർ വരുന്നത്. തുടർന്ന് ടീച്ചർ പറഞ്ഞ വസ്ത്രം ധരിക്കാൻ മറന്നുപോയോ എന്ന് വിദ്യാർഥികൾ ഓർമിപ്പിക്കുന്നുണ്ട്. അപ്പോൾ അവർ കോട്ട് മാറ്റി ആ വെള്ള വസ്ത്രം കാണിക്കുന്നുണ്ട്. നിമിഷങ്ങൾക്കുള്ളിൽ മുറി നിറയെ സന്തോഷകരമായ നിലവിളികളും ചിരിയും കൊണ്ട് നിറഞ്ഞു. സന്തോഷകരമായ ആ നിമിഷം തന്റെ ഹൃദയം നിറച്ചതായി അധ്യാപിക പറയുന്നുണ്ട്.

നിരവധി പേരാണ് സന്തോഷകരമായ ഈ സംഭവത്തെ അനുമോദിച്ചു കൊണ്ട് രംഗത്തുവന്നത്. കുട്ടികളുടെ മനസ് തൊടുന്ന അധ്യാപികയെ വാനോളം പുകഴ്ത്തുന്നുണ്ട് സൈബർ ലോകം.

Exit mobile version