ഏക സിവിൽ കോഡിനെതിരെ രാജ്യത്ത്‌ പ്രതിഷേധം വ്യാപകമാകുന്നു

തെരഞ്ഞെടുപ്പിൽ മതധ്രുവീകരണം ലക്ഷ്യമിട്ട്‌ ബിജെപിയും സംഘപരിവാറും കൊണ്ടുവരുന്ന ഏക സിവിൽ കോഡിനെതിരെ രാജ്യത്ത്‌ പ്രതിഷേധം കൂടുതൽ വ്യാപകമാകുന്നു. എൻ ഡി എ ഘടകകക്ഷിയായ ശിരോമണി അകാലിദളടക്കമുള്ള രാഷ്‌ട്രീയപാർടികളും വിവിധ സാമൂഹിക മതസംഘടനാ നേതാക്കളും മോദിയുടെ പ്രസ്‌താവനയ്‌ക്ക്‌ എതിരെ രംഗത്തുവന്നു. നാഷണൽ കോൺഫറൻസ്‌ നേതാവും ജമ്മു–-കശ്‌മീർ മുൻമുഖ്യമന്ത്രിയുമായ ഫാറൂഖ്‌ അബ്‌ദുള്ളയും ഏക സിവിൽ കോഡ്‌ നീക്കത്തെ ശക്തമായി അപലപിച്ചു. ഏക സിവിൽ കോഡ്‌ നീക്കത്തിനെതിരായി സിപിഐ എം അടക്കമുള്ള ഇടതുപക്ഷ പാർടികളും ഡിഎംകെ, എസ്‌പി, ആർജെഡി, ജെഡിയു, തൃണമൂൽ തുടങ്ങിയ പാർടികളും കഴിഞ്ഞദിവസം രംഗത്തുവന്നിരുന്നു.

ഏക സിവിൽ കോഡ്‌ അടിച്ചേൽപ്പിക്കാനുള്ള നീക്കം ന്യൂനപക്ഷങ്ങളെയും ഗോത്രവിഭാഗങ്ങളെയും ദോഷകരമായി ബാധിക്കുമെന്ന്‌ അകാലിദൾ വക്താവ്‌ ദൽജിത്ത്‌ സിങ്‌ ചീമ പറഞ്ഞു. സിവിൽ നിയമങ്ങൾ ഓരോ മതത്തിനും വ്യത്യസ്‌തമാണെന്നും അത്‌ വിശ്വാസവുമായും ആചാരങ്ങളുമായും ബന്ധപ്പെട്ടുള്ളതാണെന്നും ചീമ പറഞ്ഞു.

ഏക സിവിൽ കോഡ്‌ വിഷയത്തിൽ തിടുക്കത്തിലുള്ള നടപടികളിലേക്ക്‌ സർക്കാർ നീങ്ങരുതെന്ന്‌ ഫാറൂഖ്‌ അബ്‌ദുള്ള ആവശ്യപ്പെട്ടു. ശരിയത്തിനോടുള്ള എതിർപ്പ്‌ മാത്രമാകരുത്‌ ഏക സിവിൽ കോഡിന്റെ ആധാരമെന്ന്‌ ശിവസേന ഉദ്ധവ്‌ വിഭാഗം പ്രതികരിച്ചു. മോദിയുടെ നീക്കത്തെ തമിഴ്‌നാട്‌ മുഖ്യമന്ത്രി എം കെ സ്റ്റാലിനും കടുത്തഭാഷയിലാണ്‌ അപലപിച്ചത്‌. രാജ്യത്തെ ക്രമസമാധാനനില പൂർണമായും തകർത്ത് വർ​ഗീയ അക്രമം അഴിച്ചുവിടുകയാണ്‌ മോദിയെന്ന്‌ അദ്ദേഹം പറഞ്ഞു. ഏക സിവിൽ കോഡ്‌ നടപ്പാക്കുന്നതിൽ നിന്ന്‌ കേന്ദ്ര സർക്കാർ പിൻമാറണമെന്ന്‌ തിരുവനന്തപുരം പാളയം ഇമാം ഡോ. സുഹൈബ്‌ മൗലവി ആവശ്യപ്പെട്ടു.

Exit mobile version