തിരുവനന്തപുരം: ധനമന്ത്രി കെ എൻ ബാലഗോപാലിനുള്ള പ്രീതി പിൻവലിച്ച നടപടിയിൽ നിന്ന് പിന്നോട്ടില്ലെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. പ്രീതി പിൻവലിക്കുകയെന്ന് പറയുന്നത് പുറത്താക്കലല്ലെന്നും അദ്ദേഹം മാദ്ധ്യമങ്ങളോട് പറഞ്ഞു.
കേരള സർവകലാശാലകളിലും എം ജി സർവകലാശാലകളിലും പല വകുപ്പുകളിലും അദ്ധ്യാപകരില്ലെന്നും അത് ആശങ്കയാണെന്നും ഗവർണർ പറഞ്ഞു. സർവകലാശാലകളുടെ മികവിനെയും ഗവർണർ പരിഹസിച്ചു. റേറ്റിംഗുകൾ ഒപ്പിച്ചെടുക്കാൻ കഴിയുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മഹാരാജാസ് കോളേജിന്റെ റാങ്കിംഗും കേരള സർവകലാശാലയ്ക്ക് A++ കിട്ടിയതും മാദ്ധ്യമപ്രവർത്തകർ ചൂണ്ടിക്കാണിച്ചപ്പോഴായിരുന്നു ഗവർണറുടെ വിമർശനം.
ദേശീയവും അന്തർദേശീയവുമായ പ്രവർത്തനങ്ങളിൽ കേരളത്തിലെ സർവകലാശാലകൾ തിളങ്ങുന്ന പ്രവർത്തനം കാഴ്ചവയ്ക്കുന്നതിനിടയിലാണ് ഗവർണറുടെ ഭാഗത്തുനിന്ന് ഇങ്ങനെയൊരു വിമർശനം ഉണ്ടായിരിക്കുന്നതെന്ന് ഉന്നതവിദ്യാഭ്യാസ മന്ത്രി ആർ ബിന്ദു പ്രതികരിച്ചു. എന്തുകൊണ്ടാണ് അദ്ദേഹം ഇങ്ങനെയൊക്കെ പറയുന്നതെന്ന് മനസിലാകുന്നില്ലെന്നും മന്ത്രി പറഞ്ഞു.