ഇംഫാല്‍: മെയ്‌തെയ് വിഭാഗങ്ങളുടെ ക്യാമ്പുകള്‍ സന്ദര്‍ശിക്കാനൊരുങ്ങി രാഹുല്‍ ഗാന്ധി. സംഘര്‍ഷം തുടരുന്ന മണിപ്പൂരില്‍ അതീവ ജാഗ്രത തുടരുന്നതിനിടെയാണ് ഇന്ന് രാഹുലിന്റെ സന്ദര്‍ശനം.എന്നാല്‍ റോഡുമാര്‍ഗ്ഗം പോകാനാകില്ലെന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുകയാണ് മണിപ്പൂര്‍ പൊലീസ്. അതെസമയം യാത്ര മാറ്റില്ലെന്ന് കോണ്‍ഗ്രസും നിലപാടെടുത്തു.മാത്രമല്ല നാഗ ഉള്‍പ്പെടെയുള്ള 17 പൗര സമൂഹവുമായും രാഹുല്‍ കൂടികാഴ്ച നടത്തുമെന്നാണ് വിവരം.മണിപ്പൂരിലെ കലാപ മേഖലകള്‍ സന്ദര്‍ശിക്കുന്ന രാഹുല്‍ ഗാന്ധി ഇന്ന് മെയ്‌ത്തെയ് വിഭാഗത്തിന്റെ വിഷ്ണുപൂരിലെ രണ്ട് ക്യാമ്പുകള്‍ സന്ദര്‍ശിക്കാന്‍ തീരുമാനിച്ചിരുന്നു. വ്യാഴാഴ്ച അനുമതി ലഭിക്കാത്ത ക്യാമ്പുകളില്‍ ആണ് സന്ദര്‍ശനം നടത്തുക. എന്നാല്‍ സംഘര്‍ഷ സാഹചര്യവും സുരക്ഷാ വെല്ലുവിളികളും ചൂണ്ടിക്കാട്ടി ഈ മേഖലകളിലേക്ക് പോകുന്നതില്‍ നിന്ന് ഇന്നും രാഹുല്‍ ഗാന്ധിയെ മണിപ്പൂര്‍ പൊലീസ് വിലക്കി. റോഡ് മാര്‍ഗം പോകണമെന്ന രാഹുല്‍ ഗാന്ധിയുടെ ആവശ്യം പൊലീസ് തള്ളി. മാത്രമല്ല വ്യോമമാര്‍ഗം പോകണമെന്ന നിലപാടിലാണ് പൊലീസ്. വ്യാഴാഴ്ച കാങ്‌പോക്പിയിലുണ്ടായ വെടിവെപ്പില്‍ രണ്ടുപേര്‍ കൊല്ലപ്പെട്ടതോടെയാണ് സംസ്ഥാനത്ത് വീണ്ടും സംഘര്‍ഷം ഉണ്ടായത്. കൊല്ലപ്പെട്ടവരുടെ മൃതദേഹങ്ങളുമായി ഇംഫാല്‍ നഗരത്തില്‍ പ്രതിഷേധ പ്രകടനം നടത്തിയ മെയ്‌ത്തെയി വിഭാഗക്കാരും പോലീസും തമ്മില്‍ ഏറ്റുമുട്ടുകയും ചെയ്തിരുന്നു.
Discussion about this post