സംസ്ഥാനത്ത് പകര്‍ച്ചപ്പനി വര്‍ധിക്കുന്നു; ജാഗ്രതാ വേണം

തിരുവനന്തപുരം: സംസ്ഥാനത്ത് പകര്‍ച്ചപ്പനി വര്‍ധിക്കുന്നു. കഴിഞ്ഞ ആറുമാസത്തിനിടെ പനി ബാധിച്ച് മരിച്ചത് 171 പേരാണ്. ജൂണ്‍ മാസം മാത്രം ആശുപത്രിയില്‍ ചികിത്സ തേടിയ രോഗികളുടെ എണ്ണം രണ്ടരലക്ഷം കവിഞ്ഞു. സംസ്ഥാനത്ത് ഈ വര്‍ഷം ഇതുവരെ എലിപ്പനി ബാധിച്ച് മരിച്ചത് 75 പേരാണ്. 44 ഡെങ്കിപ്പനി മരണങ്ങളും , 23 എച്ച്.വണ്‍.എന്‍.വണ്‍ മരണങ്ങളും സ്ഥിരീകരിച്ചു. ഈ മാസം മാത്രം 1660 പേരെ ഡെങ്കിപ്പനിയും 142 പേരെ എലിപ്പനിയും ബാധിച്ചു. പ്രതിദിന രോഗികള്‍ തുടര്‍ച്ചയായി 12000 ന് മുകളില്‍. കഴിഞ്ഞ വര്‍ഷങ്ങളേക്കാള്‍ മരണ നിരക്ക് ഉയര്‍ന്ന അവസ്ഥയാണ്. ഡെങ്കി പനിയും എലിപ്പനിയും തീവ്രമാകുന്നതോടെ മരണ സംഖ്യ ഇനിയും ഉയരുമെന്നാണ് ആശങ്ക. കുട്ടികളിലും മറ്റ് രോഗങ്ങള്‍ ഉളളവരിലും രോഗബാധ കടുത്തേക്കുമെന്നാണ് മുന്നറിയിപ്പ്. തുടക്കം മുതല്‍ കൃത്യമായ ചികില്‍സ നല്‍കിയില്ലെങ്കില്‍ ആന്തരികാവയവങ്ങളെ ബാധിച്ച് മരണം വരെ സംഭവിക്കാം. ആശങ്ക ഒഴിവാക്കി പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കണം.

Exit mobile version