തിരുവനന്തപുരം: മോന്‍സന്‍ മാവുങ്കല്‍ ഉള്‍പ്പെട്ട പുരാവസ്തു തട്ടിപ്പ് കേസില്‍ മുന്‍ ഡിജിപി ലോകനാഥ് ബെഹ്‌റക്കെതിരെ അന്വേഷണം നടത്താതെ ക്രൈംബ്രാഞ്ച്. പുതിയ മൊഴികളുടെ അടിസ്ഥാനത്തില്‍ കെ സുധാകരനെ കേസില്‍ പ്രതി ചേര്‍ത്തിരുന്നു. എന്നാല്‍ പുരാവസ്തുക്കളുടെ സംരക്ഷണം എന്ന പേരില്‍ മോണ്‍സന്റെ വീട്ടില്‍ ബെഹ്‌റ പൊലീസ് കാവല്‍ അനുവദിച്ചതിനു പിന്നിലെ കള്ളക്കളിയെ പറ്റി ഇനിയും അന്വോഷിച്ചിട്ടില്ല. പലരില്‍ നിന്നായി 20കോടിയോളം രൂപ മോന്‍സണ്‍ തട്ടിയെടുത്തത് ഇതേ പൊലീസ് സംരക്ഷണത്തിന്റേയും പുരാവസ്തു മൂല്യത്തിന്റേയും പേരു പറഞ്ഞാണ്.
പുരാവസ്തു ശേഖരവും കോടികളുടെ മൂല്യവും പറഞ്ഞ് കബളിപ്പിച്ചാണ് മോന്‍സന്‍ ബിസിനസുകാരായ അനൂപ് അഹമ്മദ്, ഷമീര്‍, യാക്കൂബ്, സലീം, സിദ്ദിക്ക് എന്നിവരില്‍ നിന്നും ബിസിനസ് ഷെയറായി പത്ത് കോടി രൂപ തട്ടിയെടുത്തത്. ഇവരില്‍ നിന്ന് വീണ്ടും 25ലക്ഷം വാങ്ങി പറ്റിച്ചെന്ന മൊഴികളുടെ അടിസ്ഥാനത്തിലാണ് കേസില്‍ കെപിസിസി അദ്ധ്യക്ഷന്‍ കെ.സുധാകരനെ അറസ്റ്റുചെയ്തത്. എന്നിട്ടും മോന്‍സനെ തട്ടിപ്പുകള്‍ക്ക് സഹായിച്ചെന്ന് പ്രതിപക്ഷമുള്‍പ്പെടെ ആരോപിക്കുന്ന മുന്‍ ഡിജിപി ലോകനാഥ് ബഹ്‌റക്കെതിരെ യാതൊരുവിധ അന്വേഷണമില്ല.അമൂല്യവും അപൂര്‍വവുമായ പുരാവസ്തു ശേഖരമുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് കലൂരിലെ മോണ്‍സന്റെ വാടക വീടിന് പൊലീസ് സുരക്ഷ അനുവദിക്കാന്‍ ലോക്‌നാഥ് ബെഹ്‌റ പ്രത്യേക ഉത്തരവിറക്കിയത്. ഇന്റലിജന്‍സാകട്ടെ മോണ്‍സന്റെ വീട് കേന്ദ്രീകരിച്ചുള്ള തട്ടിപ്പുകള്‍ അന്വേഷിച്ചിരുന്നില്ല. പുരാവസ്തു മൂല്യം ശാസ്ത്രീയമായി പരിശോധിക്കാനോ എന്തിന് ഒരു സാധാരണക്കാരന് ഇത്രയും അപൂര്‍വമായ പുരാവസ്തുക്കള്‍ സൂക്ഷിക്കാന്‍ കഴിയുമോ എന്നുപോലും ബെഹ്‌റ ചിന്തിയ്ക്കാത്തതെന്തേ എന്ന ചോദ്യങ്ങള്‍ കേസിന്റെ തുടക്കം മുതല്‍ ഉയര്‍ന്നു വന്നിരുന്നു.
അതെസമയം ബെഹ്‌റയുമായുള്ള ബന്ധത്തെ കുറിച്ച് ചോദിക്കുമ്പോഴെല്ലാം സിസിടിവി പരിശോധിക്കാനാണ് മോന്‍സന്റെ മറുപടി. മോന്‍സന്റെ കേന്ദ്രങ്ങള്‍ പരിശോധിച്ച് സിസിടിവികളടക്കം പൊലീസ് കണ്ടെടുത്തിരിക്കുകയാണ്. ഹാര്‍ഡ് ഡിസ്‌കില്‍ എന്തൊക്കെയുണ്ടെന്ന് ഇനിയും പുറത്തുവന്നിട്ടില്ല. കൊച്ചിയില്‍ സ്വകാര്യ ചടങ്ങിന് എത്തിയപ്പോള്‍ ലോക്‌നാഥ് ബെഹ്‌റ സുഹൃത്ത് വഴി മോന്‍സന്റെ വീട്ടില്‍ ഒരുതവണ വന്നുവെന്നാണ് പൊലീസ് പറയുന്നത്. മോണ്‍സന്റെ പല ഇടപാടുകാരും ഉന്നത പൊലീസ് ഉദ്യോഗസ്ഥരെ കലൂരിലെ വീട്ടില്‍ കണ്ടിട്ടുണ്ട്.
Discussion about this post