ഓപ്പറേഷൻ തീയറ്ററിൽ ഹിജാബ് ധരിക്കാൻ അനുവദിക്കണമെന്ന ആവശ്യത്തെ പിന്തുണയ്ക്കാതെ ഐഎംഎ. ഓപ്പറേഷൻ തീയറ്ററിൽ പാലിക്കേണ്ടത് അന്താരാഷ്ട്ര മാനദണ്ഡമാണ്. ഓപ്പറേഷൻ തീയറ്ററിൽ മുൻഗണന നൽകേണ്ടത് രോഗിയുടെ സുരക്ഷക്കാണെന്നും അണുബാധ ഉണ്ടാകാത്ത സാഹചര്യത്തിനാണ് മുൻഗണന നൽകേണ്ടതെന്നും ഐഎംഎ സംസ്ഥാന പ്രസിഡന്റ് ഡോ.സുൽഫി നൂഹു അഭിപ്രായപ്പെട്ടു.
2020 എംബിബിഎസ് ബാച്ചിലെ വിദ്യാർഥിനിയാണ് തിരുവനന്തപുരം മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഡോ. ലിനറ്റ് ജെ.മോറിസിന് ഇത് സംബന്ധിച്ചു കത്ത് നൽകിയത്. ഓപ്പറേഷൻ തീയറ്ററിനുള്ളിൽ തലമറയ്ക്കുന്ന തരത്തിലുള്ള ശിരോവസ്ത്രവും നീളൻ കൈയുള്ള സ്‌ക്രബ് ജാക്കറ്റുകളും ധരിക്കാൻ അനുവദിക്കണമെന്നായിരുന്നു കത്തിന്റെ ഉള്ളടക്കം. 2018, 2021, 2022 ബാച്ചിലെ ആറ് വിദ്യാർഥിനികളുടെ ഒപ്പുകളോട് കൂടിയതായിരുന്നു കത്ത്. ഈ വിഷയം ദേശീയമാധ്യമങ്ങളിലടക്കം വാർത്തയാകുകയും ചെയ്തിരുന്നു.
ഓപ്പറേഷൻ തീയറ്ററിനുള്ളിൽ തല മറയ്ക്കാൻ തങ്ങളെ അനുവദിക്കാറില്ല, മതവിശ്വാസമനുസരിച്ച് മുസ്ലീം സ്ത്രീകൾക്ക് എല്ലാ സാഹചര്യങ്ങളിലും തല മറയ്ക്കുന്ന ഹിജാബ് നിർബന്ധമാണ്. ആശുപത്രിയുടേയും, ഓപ്പറേഷൻ റൂം ചട്ടങ്ങൾ പാലിക്കുന്നതിനോടൊപ്പം ഹിജാബ് ധരിക്കുന്ന സ്ത്രീകൾക്ക് അതിന് അനുസരണമുള്ള മതപരമായ വസ്ത്രങ്ങൾ ധരിക്കുന്നത് ബുദ്ധിമുട്ടുള്ള കാര്യമാണ്, ഈ സാഹചര്യത്തിൽ തലയും കൈകളും മറയ്ക്കുന്ന തരത്തിലുള്ള വസ്ത്രം ധരിക്കാൻ അനുമതി വേണമെന്നായിരുന്നു വിദ്യാർഥിനികളുടെ ആവശ്യം. ഇതിന് പിന്നാലെയാണ് വിഷയത്തിൽ ഐഎംഎ ഇപ്പോൾ നിലപാട് വ്യക്തമാക്കിയിരിക്കുന്നത്.
Summary: Patient safety is a priority: IMA not supporting requirement to wear hijab in operating theatres.
Discussion about this post