പകര്‍ച്ചപ്പനി പടരുന്നു; ആശങ്കയോടെ സംസ്ഥാനം

തിരുവനന്തപുരം: സംസ്ഥാനത്ത് പകര്‍ച്ചപ്പനി പടരുന്നു. 12,776 പേരാണ് പനി ബാധിച്ച് ചികിത്സ തേടിയത്. 138 പേര്‍ക്ക് ഡെങ്കിയും 13 പേര്‍ക്ക് എലിപ്പനിയും നാലുപേര്‍ക്ക് എച്ച്1എന്‍1ഉം സ്ഥിരീകരിച്ചു. മലപ്പുറത്ത് 2201 പേരും കോഴിക്കോട്ട് 1353 പേരും എറണാകുളത്ത് 1152 പേരും തിരുവനന്തപുരത്ത് 1049 പേരും ചികിത്സ തേടി. ബുധനാഴ്ച പനി ബാധിച്ച് നാലുവയസ്സുകാരി ഉള്‍പ്പെടെ 5 പേര്‍ മരിച്ചു. ഇതില്‍ നാലുപേരുടെ മരണം ഡെങ്കിപ്പനി ബാധിച്ചും ഒരാളുടേത് എച്ച്1എന്‍1 ബാധിച്ചുമാണെന്നാണ് ആരോഗ്യവകുപ്പിന്റെ സംശയം.

പ്രമേഹം, രക്താതിമര്‍ദം തുടങ്ങിയ മറ്റ് രോഗങ്ങളുള്ളവര്‍ പകര്‍ച്ചപ്പനി ബാധിച്ചാല്‍ ഗുരുതരമാകാതെ നോക്കണമെന്നും ഇവര്‍ക്ക് പനി ബാധിച്ചാല്‍ എത്രയും വേഗം ചികിത്സ തേടി ഏത് പനിയാണെന്ന് ഉറപ്പിക്കണമെന്നും മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. പനി പ്രതിരോധിക്കാന്‍ ആരോഗ്യ വകുപ്പ് കോള്‍സെന്ററുകള്‍ തുടങ്ങി. 24 മണിക്കൂറും ഡോക്ടര്‍മാരുടെ സേവനം ലഭിക്കും. വിളിക്കേണ്ട നമ്പരുകള്‍ 104, 1056, 0471 2552056.

Exit mobile version