സംസ്ഥാനത്ത് തക്കാളി വില സെഞ്ച്വറിയും കടന്നു മുന്നേറുകയാണ്. ഒറ്റ ദിവസം കൊണ്ട ആണ് ഒരു കിലോ തക്കാളിയ്ക്ക് 60 രൂപയാണ് വർധിച്ചത്.
ഇതര സംസ്ഥാനങ്ങളിൽ നിന്നും തക്കാളിയുടെ വരവ് കുറഞ്ഞതാണ് തക്കാളിവില ഈ വിധം ഉയരാൻ കാരണമായി വിലയിരുത്തപ്പെടുന്നത്. തക്കാളി മാത്രമല്ല സാധാരണക്കാരന്റെ കുടുംബ ബജറ്റിന് ഭീഷണിയായി പച്ചക്കറികളുടെയും പയർ വർഗങ്ങളുടെയും എല്ലാം വില ഉയരുന്നുണ്ട് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലെ പച്ചക്കറിയുടെ മൊത്ത വിപണി വിലയിൽ വൻ കുതിപ്പാണ് രേഖപ്പെടുത്തുന്നത്. കേരളത്തിലെ ചില്ലറ വിപണിയിലെ തക്കാളി വില 110 രൂപയിലേക്ക് കുതിച്ചുയർന്നു.
ദക്ഷിണേന്ത്യയിലെ മൊത്ത വിപണികളിൽ കഴിഞ്ഞയാഴ്ച തക്കാളിയുടെ വില 50-60 രൂപ നിലവാരത്തിലായിരുന്നു. എന്നാൽ കഴിഞ്ഞ ഏതാനും ദിവസം കൊണ്ടാണ് തക്കാളിയുടെ വിപണി വില സെഞ്ചുറി അടിച്ചത്. സമാന കാലയളവിൽ കഴിഞ്ഞ വർഷം തക്കാളിയുടെ ചില്ലറ വിപണി വില 50 രൂപ നിലവാരത്തിൽ മാത്രമായിരുന്നു. അതേസമയം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ മൺസൂൺ മഴ ലഭിക്കാൻ വൈകിയതും ദുർബലമായ മഴയുമാണ് പച്ചക്കറി വിലകളെ ഉയർത്തിവിട്ടത്.
മുൻ വർഷങ്ങളിൽ നിന്നും വിഭിന്നമായി വിവിധ കാരണങ്ങളാൽ ഇത്തവണ താരതമ്യേന താഴ്ന്ന തോതിലാണ് തക്കാളി കൃഷി ഉണ്ടായിരുന്നത്. ചിലർ മഴ പേടിച്ച് തക്കാളി വിതച്ചത് ഇത്തവണ കുറച്ചു. കോലാർ പോലെ തക്കാളി വൻ തോതിൽ കൃഷി ചെയ്തിരുന്ന മേഖലകളിൽ ഇത്തവണ ബീൻസ് കൃഷി ചെയ്തതും തിരിച്ചടിയായി. കഴിഞ്ഞ വർഷങ്ങളിൽ ബീൻസിന് വില കൂടുതൽ ലഭിച്ചതാണ്, കോലാറിലെ കർഷകരെ തക്കാളി മാറ്റി ബീൻസ് കൃഷിയിറക്കാൻ പ്രേരിപ്പിച്ചത്. കൂടാതെ മഴയുടെ ലഭ്യത കുറഞ്ഞത് കാരണം ചില മേഖലകളിൽ കാർഷിക വിളകൾ കരിഞ്ഞുപോയതും തിരിച്ചടിയേകുന്നു.
ഉള്ളിയും ഉരുളക്കിഴങ്ങും ഒഴികെയുള്ള ബാക്കിയെല്ലാ പച്ചക്കറി ഇനങ്ങളും കഴിഞ്ഞയാഴ്ചത്തിനേക്കാൾ ഉയർന്ന വിലയ്ക്കാണ് മൊത്ത വിപണിയിൽ വിറ്റു പോകുന്നത്.കർണാടകയിലെ കോലാറിലുള്ള മൊത്ത വിപണിയിൽ ബീൻസിന്റെ വില 120-140 രൂപയിലേക്ക് ഉയർന്നു. വിവിധയിനം കാരറ്റിന്റെ മൊത്ത വിപണി വില 100 രൂപയായിട്ടുണ്ട്. കാപ്സിക്കം 80 രൂപയിലേക്ക് ഉയർന്നു. കേരളത്തിൽ മുളകിന്റെ ചില്ലറ വിപണി വില 100 രൂപ നിലവാരത്തിലേക്ക് എത്തിയിട്ടുണ്ട്.