യു എ ഇയിലെ അജ്മാൻ റെസിഡൻഷ്യൽ കെട്ടിടത്തിൽ വൻ തീപിടിത്തം. തിങ്കളാഴ്ച രാത്രി 12 മണിയോടെയാണ് അപകടം സംഭവിച്ചത്. 30 നിലയുള്ള അജ്മാൻ വൺ കോംപ്ലക്സിന്റെ ടവർ 02 ലായിരുന്നു തീപിടുത്തം. തീ നിയന്ത്രണ വിധേയമാക്കിയെന്നും ആർക്കും പരിക്കേറ്റിട്ടില്ലെന്നും പൊലീസ് അറിയിച്ചു. മലയാളികൾ അടക്കം നിരവധി പേർ താമസിക്കുന്ന ഫ്‌ളാറ്റ് സമുച്ചയമാണിത്.
നൂറിലധികം കുടുംബങ്ങളെ വേഗത്തിൽ ഒഴിപ്പിക്കാനായത് കാരണം വൻ ദുരന്തമാണ് ഒഴിവായത്. തീ പിടിച്ചു ഒരു മണിക്കൂറിനകം തന്നെ കെട്ടിടത്തിൽ താമസിക്കുന്നവരെ പൂർണമായും ഒഴിപ്പിച്ചതായി പോലീസ് അറിയിച്ചു. ഒന്നിലേറെ ഫയർഫോഴ്‌സ് വാഹനങ്ങളും പൊലീസും ഏറെ പണിപ്പെട്ടാണ് തീ അണച്ചത്. സമീപത്തെ മറ്റ് കെട്ടിടങ്ങളിലേക്ക് പടരും മുമ്പ് തീ നിയന്ത്രണവിധേയമാക്കാൻ സാധിച്ചതും അപകടത്തിന്റെ വ്യാപ്തി കുറച്ചു.
തീപിടിത്തതിന്റെ കാരണം സംബന്ധിച്ച് അന്വേഷണം നടക്കുകയാണ് എന്ന് പൊലീസ് വ്യക്തമാക്കി. അപകടം നടന്ന സ്ഥലത്ത് മൊബൈൽ പൊലീസ് സ്‌റ്റേഷൻ ആരംഭിച്ചിട്ടുണ്ട്. യു എ ഇയിൽ കഴിഞ്ഞ കുറച്ച് വർഷങ്ങളായി കെട്ടിട തീപിടിത്തങ്ങളുടെ എണ്ണത്തിൽ ഗണ്യമായ വർധനവ് ഉണ്ടായിട്ടുണ്ട് എന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. ഇത് സംബന്ധിച്ച ആഭ്യന്തര മന്ത്രാലയത്തിന്റെ റിപ്പോർട്ട് അടുത്തിടെ പുറത്തു വന്നിരുന്നു. 2022 ൽ 3000 ത്തിൽ അധികം തീപിടിത്ത സംഭവങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. ഇതിൽ 2169 ഉം കെട്ടിട തീപിടിത്തങ്ങൾ ആണ്. 2021 ൽ കെട്ടിട തീപിടിത്തം 2090 ഉം 2020 ൽ ഇത് 1968 ഉം ആയിരുന്നു എന്നാണ് ദി നാഷണൽ ന്യൂസ് റിപ്പോർട്ട് ചെയ്യുന്നത്. ഭൂരിഭാഗം തീപിടിത്തങ്ങളും ജനവാസ കേന്ദ്രങ്ങളിലാണ് നടന്നത് എന്നതാണ് ഗൗരവം വർധിപ്പിക്കുന്നത്.
Summary: Huge fire in 30-storey flat in UAE; About 100 families were evacuated.