തിരുവനന്തപുരം: ഹൈക്കമാൻഡുമായുള്ള ചർച്ചക്കായി കെപിസിസി അധ്യക്ഷൻ കെ സുധാകരനും പ്രതിപക്ഷനേതാവ് വി ഡി സതീശനും ഇന്ന് ഡൽഹിയിലേക്ക് പോകും. പുരാവസ്ത തട്ടിപ്പ് കേസിലെ സുധാകരന്റെ അറസ്റ്റും, സംസ്ഥാനത്തെ രാഷ്ട്രീയ സാഹചര്യങ്ങളും നേതാക്കൾ ഹൈക്കമാൻഡിനെ അറിയിക്കും.അധ്യക്ഷസ്ഥാനം ഒഴിയാമെന്ന് സുധാകരൻ അറിയിച്ചിരുന്നുവെങ്കിലും ദേശീയ, സംസ്ഥാന നേതാക്കളുടെ സമ്മർദ്ദത്തെ തുടർന്ന് നിലപാട് തിരുത്തിയിരുന്നു.
കേസിൽ ഹൈക്കമാൻഡിന്റെ പിന്തുണ ഉറപ്പാക്കലാണ് സന്ദർശനത്തിന്റെ ലക്ഷ്യം. 28 ന് തുടങ്ങുന്ന യൂത്ത് കോൺഗ്രസ് തെരഞ്ഞെടുപ്പ് മാറ്റിവെക്കണമെന്നും നേതാക്കൾ ആവശ്യപ്പെടും. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഗ്രൂപ്പ് പോര് കാരണം പാർട്ടിയിൽ അനൈക്യം ഉണ്ടെന്നും ഇത് കേസിനെ ഒറ്റക്കെട്ടായി നേരിടുന്നതിൽ വീഴ്ചയുണ്ടായെന്നുമാണ് നേതൃത്വത്തിന്റെ വിലയിരുത്തൽ.
ദേശീയ തലത്തിലെ പ്രതിപക്ഷ ഐക്യത്തിൽ പോലും വിള്ളൽ ഉണ്ടാക്കും വിധമാണ് സിപിഎം സർക്കാർ കേരളത്തിലെ കോൺഗ്രസ് നേതാക്കൾക്കെതിരെ കേസെടുക്കുന്നതെന്ന വിലയിരുത്തലും കെപിസിസിക്കുണ്ട്. ഇക്കാര്യവും നേതാക്കൾ ഡൽഹിയിലെ ചർച്ചയിൽ അറിയിക്കും.