ആലപ്പുഴ: നിഖില്‍ തോമസ് പ്രതിയായ വ്യാജ ബിരുദ സര്‍ട്ടിഫിക്കറ്റ് കേസില്‍ എസ്എഫ്‌ഐ മുന്‍ നേതാവ് അബിന്‍ സി രാജിന് വേണ്ടി കേരളാ പൊലീസ് ഇന്റര്‍പോളിന്റെ സഹായം തേടും. മാലിദ്വീപില്‍ ജോലി ചെയ്യുന്ന അബിനെ നാട്ടിലെത്തിക്കുന്നതിന് വേണ്ടി ബ്ലൂ കോര്‍ണര്‍ നോട്ടീസ് ഇറക്കും. ബിരുദ സര്‍ട്ടിഫിക്കറ്റ് വ്യാജമായി നിര്‍മ്മിക്കാന്‍ സഹായിച്ചത് അബിന്‍ ആണെന്ന് നിഖില്‍ മൊഴി നല്‍കിയിരുന്നു.
പൊലീസ് കസ്റ്റഡിയിലുള്ള നിഖില്‍ തന്റെ ഒളിത്താവളങ്ങള്‍ വെളിപ്പെടുത്താന്‍ ഇതുവരെ തയ്യാറായിട്ടില്ല. ബസ് സ്റ്റാന്റിലും റെയില്‍വെ സ്റ്റേഷനിലും കഴിഞ്ഞുവെന്ന നിഖിലിന്റെ വാദം പൊലീസ് വിശ്വാസത്തിലെടുക്കുന്നില്ല. നിഖിലിന്റെ ചോദ്യം ചെയ്യല്‍ തുടരുകയാണ്. നിഖില്‍ പല കാര്യങ്ങളും മറച്ചുവെക്കുന്നു എന്നാണ് പൊലീസിന്റെ സംശയം.
മൊബൈല്‍ ഫോണ്‍ തോട്ടില്‍ കളഞ്ഞെന്ന മൊഴിയും വിശ്വാസയോഗ്യമല്ലെന്ന് പൊലീസ് പറയുന്നു.നിഖില്‍ തോമസിനെ ഇന്നലെ പുലര്‍ച്ചെ കോട്ടയം സ്റ്റാന്‍ഡില്‍ കെ എസ് ആര്‍ ടി സി ബസില്‍ നിന്നാണ് പൊലീസ് പിടികൂടിയത്. അബിന്‍ സി രാജ് കൊച്ചിയിലെ സ്വകാര്യ റിക്രൂട്ട്‌മെന്റ് ഏജന്‍സിയായ ഒറിയോണ്‍ ഏജന്‍സി വഴി രണ്ടു ലക്ഷം രൂപയ്ക്കാണ് തനിക്ക് കലിംഗ സര്‍വകലാശാലയുടെ വ്യാജ സര്‍ട്ടിഫിക്കറ്റ് സംഘടിപ്പിച്ച് നല്‍കിയെന്നാണ് നിഖിലിന്റെ മൊഴി. ഇതിന്റെ അടിസ്ഥാനത്തിലാണ് അബിനെ പ്രതിയാക്കാനുള്ള പൊലീസ് തീരുമാനം.