ലക്ഷദ്വീപ് എം.പി. മുഹമ്മദ് ഫൈസലിന്റെ വീട്ടിലും ഔദ്യോഗിക വസതികളിലും ഇ.ഡി റെയ്ഡ് നടത്തി. ലക്ഷദ്വീപിലെ ആന്ത്രോത്ത് ദ്വീപിലെ വീട്ടിലും കൊച്ചിയിലേയും ഡൽഹിയിലേയും ഔദ്യോഗിക വസതികളിലുമാണ് റെയ്ഡ് നടന്നത്. ഫൈസലുമായി ബന്ധപ്പെട്ട് കോഴിക്കോട് ബേപ്പുരുള്ള സ്ഥാപനത്തിലും റെയ്ഡ് നടന്നു. ശ്രീലങ്കയിലേക്ക് മീൻ കയറ്റുമതി ചെയ്തതുമായി ബന്ധപ്പെട്ട കേസിലാണ് ഇ.ഡി യുടെ ഈ നടപടി.
നാല് കേന്ദ്രങ്ങളിലും ഒരേ സമയത്തായിരുന്നു പരിശോധന നടത്തിയത്. ഇ ഡി പരിശോധന നടത്തുമ്പോൾ എം പി വീട്ടിൽ ഉണ്ടായിരുന്നു. എം.പിയുമായി ബന്ധപ്പെട്ട ചില വസ്തുവകകളുടെ രേഖകളും സാമ്പത്തിക ഇടപാട് സംബന്ധിച്ച രേഖകളും റെയ്ഡിൽ കണ്ടെടുത്തിട്ടുണ്ടെന്ന് ഇഡി വ്യക്തമാക്കി.
ലക്ഷദ്വീപിലെ സഹകരണ മാർക്കറ്റിങ് ഫെഡറേഷനിലെ ചില ഉദ്യോഗസ്ഥരും ഫൈസലുമായി ചേർന്ന് ടെൻഡറിലും മറ്റും ക്രമക്കേടുകൾ നടത്തി ശ്രീലങ്കയിലേക്ക് മീൻ കയറ്റുമതി ചെയ്‌തെന്നതാണ് കേസ്. ഈ കേസിൽ മുഹമ്മദ് ഫൈസലാണ് ഒന്നാം പ്രതിയായിട്ടുള്ളത്. 2016-17 കാലത്ത് സിബിഐയും സംഭവത്തിൽ കേസെടുത്ത് പരിശോധന നടത്തിയിരുന്നു. ഇതിനുപിന്നാലെയാണ് ഇഡിയും കേസെടുത്ത് നടപടികളിലേക്ക് നീങ്ങിയത്.
Summary: Lakshadweep MP Muhammad Faisal’s house and official residences raided by ED.