പുരാവസ്‌തു തട്ടിപ്പിലെ വഞ്ചനാക്കേസിൽ ക്രൈംബ്രാഞ്ച് അറസ്‌റ്റ് ചെയ്‌ത കെപിസിസി പ്രസിഡന്റ് കെ സുധാകരനെ ചങ്കു കൊടുത്തും സംരക്ഷിക്കുമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. സുധാകരൻ കെപിസിസി അധ്യക്ഷസ്ഥാനത്ത് തന്നെ തുടരും. സുധാകരൻ തയ്യാറായാലും പാർട്ടി അനുവദിക്കില്ല. ഇത് സംബന്ധിച്ച് ചർച്ച പാർട്ടിയിൽ നടന്നിട്ടില്ല. സുധാകരനെ ഒരു കോൺഗ്രസുകാരനും പിന്നിൽ നിന്നു കുത്തില്ല. ചങ്കു കൊടുത്തും കെപിസിസി പ്രസിഡൻറിനെ സംരക്ഷിക്കുമെന്നും വി ഡി സതീശൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
അതേസമയം കെ സുധാകരനെതിരെയുള്ളത് ഗൗരവമേറിയ തട്ടിപ്പ് കേസാണെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ ആരോപിച്ചു. സുധാകരൻ ഉൾപ്പെട്ടത് രാഷ്ട്രീയ കേസിലല്ല, ഗൗരവമേറിയ തട്ടിപ്പ് കേസിലാണ്. രാഷ്ട്രീയ പ്രേരിതമായല്ല സുധാകരനെതിരെ നടപടിയെടുത്തത്. വ്യക്തമായ തെളിവുകളുണ്ടെന്നാണ് അന്വേഷണ ഉദ്യോഗസ്ഥർ പറയുന്നതെന്നും എം വി ഗോവിന്ദൻ ഡൽഹിയിൽ മാധ്യമ പ്രവർത്തകരോട് പറഞ്ഞു.