ആലപ്പുഴ: വ്യാജ ബിരുദ സര്‍ട്ടിഫിക്കറ്റിന് പിന്നില്‍ കായംകുളം എസ്എഫ്‌ഐ മുന്‍ ഏരിയാ സെക്രട്ടറി അബിന്‍ സി രാജുവാണെന്ന് നിഖില്‍ തോമസ്. അദ്ദേഹം ഇപ്പോള്‍ മാലിദ്വീപിലാണ്. കൊച്ചിയിലെ വിദേശ മാന്‍പവര്‍ റിക്രൂട്ട്‌മെന്റ് ഏജന്‍സിയാണ് സര്‍ട്ടിഫിക്കറ്റ് തയ്യാറാക്കിയത്.അബിന്‍ സി രാജുവാണ് ഏജന്‍സിയെ പരിചയപ്പെടുത്തിയത്. ഡിഗ്രിക്ക് വേണ്ടി 2 ലക്ഷം രൂപയാണ് ചെലവിട്ടതെന്നും നിഖില്‍ തോമസ് മൊഴി നല്‍കി.
എം സി റോഡില്‍ മണിക്കൂറുകള്‍ നീണ്ട തെരച്ചിലിനൊടുവിലാണ് നിഖിലിനെ പിടികൂടിയത്. രാത്രി 8 മണിയോടെ കോഴിക്കോട്ട് നിന്ന് തിരിച്ച ഒരു ബസില്‍ നിഖിലിനെ പോലെ ഒരാള്‍ ഉണ്ടെന്ന് രഹസ്യവിവരം ലഭിച്ചിരുന്നു. തിരുവനന്തപുരത്തേക്കുള്ള ബസ് ആണെന്നായിരുന്നു വിവരം. കോഴിക്കോട് സ്റ്റാന്‍ഡില്‍ നിന്ന് ആ സമയങ്ങളില്‍ പുറപ്പെട്ട ബസുകളുടെ വിവരം ശേഖരിച്ചു.ഇതേ തുടര്‍ന്ന് അടൂര്‍, തിരുവല്ല, കോട്ടയം എന്നിവിടങ്ങളില്‍ ഓരോ ബസും നിര്‍ത്തി പരിശോധിച്ചു. ഒന്നരയോടെ കോട്ടയം സ്റ്റാന്റിലേക്ക് വന്ന ബസിലാണ് നിഖിലിനെ കിട്ടിയത്. കൊട്ടാരക്കര എത്തിയ ശേഷം കീഴടങ്ങാനുള്ള മാനസിക അവസ്ഥയിലായിരുന്നു നിഖിലെന്ന് പൊലീസ് പറഞ്ഞു. കൈയിലെ പണം മുഴുവന്‍ തീര്‍ന്നിരുന്നു. മൊബൈല്‍ ഫോണ്‍ നിഖില്‍ ഓടയില്‍ വലിച്ചെറിഞ്ഞുവെന്നും പൊലീസ് പറഞ്ഞു.കായംകുളത്ത് എത്തിച്ച പ്രതിയെ ഇവിടെ വെച്ചാണ് പൊലീസ് ചോദ്യം ചെയ്യുന്നത്.
വ്യാജ സര്‍ട്ടിഫിക്കറ്റ് വാര്‍ത്ത പുറത്ത് വന്നതിന് പിന്നാലെ കായംകുളം വിട്ട നിഖില്‍ തോമസ്, പിന്നീട് തിരുവനന്തപുരം, വര്‍ക്കല എന്നിവിടങ്ങള്‍ സന്ദര്‍ശിച്ച ശേഷം കായംകുളത്തേക്ക് മടങ്ങി. പിന്നീട് വീഗാലാന്റിലേക്ക് പോയി. അവിടെ നിന്ന് കായംകുളത്തേക്ക് മടങ്ങി. അന്ന് രാത്രി തന്നെ കോഴിക്കോടേക്ക് പോയി. തിരികെ കൊട്ടാരക്കരയ്ക്ക് ബസില്‍ കയറി. കോട്ടയത്ത് എത്തിയപ്പോള്‍ പിടിയിലാവുകയായിരുന്നു.
Discussion about this post