സുധാകരനൊപ്പം മോന്‍സനെ കാണാനെത്തി; കോണ്‍ഗ്രസ് നേതാവിനെ ചോദ്യം ചെയ്യും

കൊച്ചി: വ്യാജ പുരാവസ്തു തട്ടിപ്പ് കേസില്‍ ഇന്നലെ അറസ്റ്റിലായ കെപിസിസി പ്രസിഡന്റ് കെ സുധാകരന്റെ കൂട്ടാളികളെ ചോദ്യം ചെയ്യും. കൊച്ചിയിലെ കോണ്‍ഗ്രസ് നേതാവ് എബിന്‍ എബ്രഹാമിനെയാണ് ചോദ്യം ചെയ്യുക. സുധാകരന്‍ മോന്‍സനെ കാണാന്‍ പോയപ്പോഴെല്ലാം എബിന്‍ കൂടെയുണ്ടായിരുന്നു. പരാതിക്കാരെ സ്വാധീനിക്കാന്‍ ശ്രമിച്ചതിന്റെ തെളിവുകള്‍ അന്വേഷണ സംഘം ശേഖരിച്ചു.

പ്രതികളായ പൊലീസ് ഉദ്യോഗസ്ഥരുടെ ചോദ്യം ചെയ്യലും ഉടനുണ്ടായേക്കും.അതേസമയം കെ സുധാകരനെ അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് ഇന്ന് കരിദിനം ആചരിക്കും. പ്രതിഷേധ സൂചകമായി കോണ്‍ഗ്രസ് സംസ്ഥാന വ്യാപകമായി ശക്തമായ പ്രക്ഷോഭ പരിപാടികള്‍ സംഘടിപ്പിക്കുമെന്ന് കെപിസിസി ജനറല്‍ സെക്രട്ടറി ടി.യു.രാധാകൃഷ്ണന്‍ പറഞ്ഞു.

ആറ് മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലിന് ഒടുവിലായിരുന്നു കെ സുധാകരനെ പൊലീസ് അറസ്റ്റ് ചെയ്തത്. ഇന്നുക്കൂടി ചോദ്യം ചെയ്യല്‍ നീളുമെന്ന തരത്തില്‍ അഭ്യൂഹങ്ങള്‍ വന്നിരുന്നു, എന്നാല്‍ ഇന്നലെ തന്നെ ചോദ്യം ചെയ്യല്‍ അവസാനിപ്പിക്കണമെന്ന് കെ.സുധാകരന്‍ ആവശ്യപ്പെടുകയായിരുന്നു.

Exit mobile version